തൃശ്ശൂർ: സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ അംഗത്വമെടുത്തു. തൃശ്ശൂർ സ്വദേശിയായ മോഹൻ സിത്താരയ്ക്ക് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറാണ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു മോഹൻ സിതാര പാർട്ടിയിൽ അംഗത്വമെടുത്തത്. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി അംഗത്വം പുതുക്കിയതോടെയാണ് ബിജെപി അംഗത്വ പ്രചാരണത്തിന് തുടക്കമായത്.
തൃശ്ശൂർ ജില്ലയിൽ മാത്രം 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ ക്യാംപയെ്ൻ നടക്കുക. ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.