കൽപറ്റ: മുണ്ടകെയിലേക്ക് രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും എത്തിയതോടെ വയനാട് ഉരുൾപൊട്ടലിൻ്റെ കൂടുതൽ ഭീകരമായ ചിത്രമാണ് പുറത്തു വരുന്നത്. മുണ്ടക്കൈ എന്ന പ്രദേശം തന്നെ തിരിച്ചു പിടിക്കാൻ സാധിക്കാത്ത പൂർണമായി ഇല്ലാതായി എന്നാണ് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഏതാണ്ട് നാന്നൂറിലേറെ വീടുകളും കെട്ടിടങ്ങളും ഉണ്ടായിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ മുപ്പത് വീടുകൾ മാത്രമാണ് ബാക്കിയെന്നാണ് കണക്ക്. ഇവിടെ താമസിച്ച മനുഷ്യരെല്ലാം മരിക്കുകയോ ഒഴുകി പോകുകയോ ദുരിതാശ്വാസ ക്യാംപിലോ ആണ്. അവശേഷിക്കുന്നത് വളർത്തു മൃഗങ്ങൾ മാത്രം.
ബുധനാഴ്ച വൈകിട്ട് ആറര മണിയ്ക്കുള്ള കണക്കനുസരിച്ച് 222 മരണങ്ങളാണ് വയനാട് ഉരുൾപൊട്ടലിൽ ഇതുവരെ സംഭവിച്ചിരിക്കുന്നത്. മുണ്ടക്കൈയിൽ നിന്നും ഇപ്പോഴും രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തേക്ക് എടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയിലേക്ക് തന്നെയാണ് എല്ലാവരും വിരൽ ചൂണ്ടുന്നത്. മണ്ണിനടിയിലായ വീടുകൾ പരിശോധിക്കുന്നത് ശ്രമകരമായ ദൗത്യമാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് സർക്കാരിൻ്റെ കണക്ക്.
കണ്ണാടിപ്പുഴയിൽ ഒഴുക് ശക്തമാവുകയും മഴ വീണ്ടും സജീവമാകുകയും ചെയ്തതോടെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. മുണ്ടക്കൈയിലേക്ക് താത്കാലികമായി കെട്ടിയ പാലം വെള്ളത്തിലായി. നാളെ വൈകുന്നേരത്തോടെ മുണ്ടൈക്കയിലേക്ക് സൈന്യത്തിൻ്റെ ബെയ്ലി പാലം നിർമ്മിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലം നിർമ്മാണത്തിനായി ദില്ലിയിൽ നിന്നും വിമാനമാർഗ്ഗവും ബെംഗളൂരുവിൽ നിന്നും സൈനികരും സാമാഗ്രഹികളും എത്തിക്കൊണ്ടിരിക്കുകയാണ്. പാലം നിർമ്മാണം പൂർത്തിയാവുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു.
4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. സംസ്ഥാന സർക്കാരിന് പ്രതിനിധീകരിച്ച് 6 മന്ത്രിമാർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്