ആദിപുരുഷ് ചിത്രത്തിനും അണിയറ പ്രവർത്തകർക്കുമെതിരെ പൊട്ടിത്തെറിച്ച് ശക്തിമാൻ സീരിയലിലുടെ പ്രശസ്തനായ നടൻ മുകേഷ് ഖന്ന. ചിത്രത്തെ ഗംഭീര തമാശയെന്ന് വിശേഷിപ്പിച്ച മുകേഷ് ഖന്ന ചിത്രത്തിൻ്റെ സംവിധായകൻ ഓം റൗത്തും തിരക്കഥാകൃത്ത് മനോജ് മുൻതാഷിറും രാമായണം നേരാവണ്ണം വായിച്ചിട്ട് പോലുമില്ലെന്നും കുറ്റപ്പെടുത്തി. ഹിന്ദുമതത്തെ അപമാനിക്കുന്നത് തനിക്ക് നോക്കിനിൽക്കാൻ പറ്റില്ലെന്നും ആദിപുരുഷ് ടീമിനെ അൻപത് ഡിഗ്രീ സെൽഷ്യസിൽ കത്തിക്കണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
നമ്മുടെ പുണ്യപുരാണകഥകളെ അപമാനിക്കാൻ അവർക്ക് ആരാണ് അധികാരം നൽകിയത്. ഇതിൻ്റെ സംവിധായകനും തിരക്കഥാകൃത്തും രാമായണം പോലും വായിച്ചിട്ടില്ല. രാവണന് എന്ത് അനുഗ്രഹമാണ് ലഭിച്ചതെന്ന് അറിയാത്തവരാണ് ഇവർ. പരമശിവൻ്റെയല്ല രാവണന് ഹിരണ്യകശ്യപിൻ്റെ അനുഗ്രഹം ആണ് ഇവർ കൊടുത്തിരിക്കുന്നത്. രാവണനായി അഭിനയിക്കാൻ സെയ്ഫ് അലിഖാനേക്കാൾ മികച്ച നടനെ ഇവർക്ക് കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ശക്തിമാനായി മിനിസ്ക്രീനിലെത്തി പേരെടുത്ത മുകേഷ് ഖന്ന ബിആർ ചോപ്രയുടെ മഹാഭാരതത്തിലും അഭിനയിച്ചിട്ടുണ്ട്.
ജൂൺ 16 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ രാഘവായി പ്രഭാസും ജാനകിയായി കൃതി സനോണും ലങ്കേഷായി സെയ്ഫ് അലി ഖാനും ആണ്അഭിനയിക്കുന്നത്. ജൂൺ 18 ന്, ലഖ്നൗ ഹിന്ദു മഹാസഭ, ചിത്രത്തിന്റെ നിർമ്മാതാക്കൾ സനാതൻ ധർമ്മത്തെ അവഹേളിച്ചെന്നും അവർക്കെതിരെ എഫ്ഐആർ ഇടണമെന്നും ആവശ്യപ്പെട്ടിരുന്നു. ആദ്യദിനങ്ങളിലെ മികച്ച കളക്ഷന് ശേഷം തീയേറ്ററുകളിൽ വലിയ തിരിച്ചടി നേരിടുകയാണ് ഇപ്പോൾ ആദിപുരുഷ്. 375 കോടിയിലധികം കളക്ഷൻ നേടിയെങ്കിലും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ നെഗറ്റീവ് നിരൂപണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.