കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. ചന്ദ്രയാൻ ദൗത്യ വിജയാഘോഷവും കൂടിക്കാഴ്ചയുടെ ഭാഗമായി നടന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിൽ എത്തിയ വി.മുരളീധരൻ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) പ്രതിനിധികളുമായും ചർച്ച നടത്തി. നഴ്സുമാർക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായി വി.മുരളീധരൻ പറഞ്ഞു.
ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് പ്രതിനിധികളെയും പ്രൊഫഷണൽ അസോസിയേഷനുകളുടെ പ്രതിനിധികളെയും
മന്ത്രി കണ്ടു. ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകം അനാഛാദനം ചെയ്തു. കുവൈത്തിലെ ഭാരതീയ പ്രവാസി സമൂഹത്തെയും മന്ത്രി അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമായി തുടരുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മന്ത്രി പറഞ്ഞു.