കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ മൊഴി നല്കാന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്സണ് മാവുങ്കല്‍. കോടതിയില്‍ നിന്ന് കൊണ്ടു പോകുമ്പോള്‍ കളമശ്ശേരി ഓഫീസില്‍ കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്നാണ് മോന്സണ് മാവുങ്കല്‍ പറഞ്ഞത്.
തന്റെ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചു. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞെന്നും മോന്സണ് മാവുങ്കല്‍ കോടതിയില്‍ പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരന് അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നല്‍കാനാണെന്ന് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചു. പീഡനം നടന്ന സമയത്ത് സുധാകരന് അവിടെ ഉണ്ടായിരുന്നെന്ന് മൊഴി നല്‍കാനും പോക്സോ കേസിന്റെ അന്വേഷണത്തിനിടയില്‍ ആവശ്യപ്പെട്ടു.
ആവശ്യമായ ഭക്ഷണം നല്‍കിയില്ലെന്നും മോന്സണ് മാവുങ്കലിന് വേണ്ടി അഭിഭാഷകന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേസ് 19-ാം തീയതിയിലേക്ക് മാറ്റി. ഇക്കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ട് വഴി എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്.