കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ടുവട്ടം ആ കമ്മിറ്റിയുടെ മുൻപിൽ പോയിരുന്ന് സംസാരിച്ചയാളാണ്.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യമായി പ്രതികരിച്ച് മോഹൻലാൽ. വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടത് മലയാള സിനിമ മുഴുവനുമാണ്. എന്തിനും ഏതിനും അമ്മയെന്ന സംഘടനയുടെ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതായി തോന്നി. തെറ്റുകുറ്റങ്ങൾ ഉണ്ടാവാം.
ഒരു സംഭവം നടന്നാൽ അതിൽ ആദ്യം അമ്മയല്ല ഉത്തരം പറയേണ്ടത്. ഞാൻ അഭിഭാഷകരും മുതിർന്നവരുമായി സംസാരിച്ച് ആലോചിച്ചാണ് സംഘടനയുടെ ചുമതലയിൽ നിന്ന് ഒഴിഞ്ഞത്. എല്ലാവരോടും ചോദിച്ച് അനുവാദം വാങ്ങിയാണ് തീരുമാനമെടുത്തത്. അമ്മയിൽ നിന്ന് പൂർണമായി ഒഴിഞ്ഞുമാറിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.തൻ്റെ കൈയ്യിൽ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ താനെന്താണ് പ്രതികരിക്കേണ്ടത്? ഈ പരാതികൾ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് ഞങ്ങൾ അന്യരായി പോകുന്നത്? താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് അമ്മ സംഘടനയുണ്ടാക്കിയത്.
ഞങ്ങളുടെ കൂടെ നിങ്ങളും നിൽക്കൂ, നിങ്ങളുടെ കൂടെ ഞങ്ങളും നിൽക്കാം. നല്ല കാര്യത്തിനായാൽ ഞങ്ങൾ സഹകരിക്കും. ഡബ്ല്യുസിസി, അമ്മ എന്നതെല്ലാം ഒഴിവാക്കൂ. എന്നിട്ട് മലയാള സിനിമയെ കുറിച്ച് മാത്രം സംസാരിക്കൂ. അമ്മ മാത്രമല്ല, ഒരുപാടധികം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യത്തിൽ സംസാരിക്കൂ. മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങൾ പലയിടത്ത് നിന്നും കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ല. മലയാള സിനിമയിൽ 21 ഓളം സംഘടനകളുണ്ട്. അതിലൊന്നും അറിയിക്കാതെ അമ്മയോട് പ്രതികരണം ചോദിച്ചാൽ എന്താണ് പറയുക? താൻ പവർ ഗ്രൂപ്പിൽ പെട്ടയാളല്ല. അങ്ങനെയൊരു കാര്യം താൻ ആദ്യമായാണ് കേട്ടതെന്നും മോഹൻലാൽ പറഞ്ഞു.