ദില്ലി: 2024 റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതായി റിപ്പോർട്ടുകൾ.
ജി20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡൻ്റ് ബൈഡനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജനുവരി 26-ൽ രാജ്പഥിൽ നടക്കുന്ന ആഘോഷങ്ങളിലേക്ക് മുഖ്യാതിഥിയായി ബൈഡനെ പ്രധാനമന്ത്രി ക്ഷണിച്ചത്. റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ വിദേശരാഷ്ട്ര തലവൻമാരെ ക്ഷണിക്കുന്നത് പതിവാണ്.
ഇന്ത്യയുമായി അടുത്ത സൌഹൃദം പുലർത്തുന്ന രാജ്യങ്ങളുടെ തലവൻമാരെയാണ് റിപ്പബ്ളിക് ദിനാഘോഷത്തിലേക്ക് സാധാരണ മുഖ്യാതിഥിയായി ക്ഷണിക്കാറുള്ളത്. അമേരിക്കൻ മുൻപ്രസിഡൻ്റ ബരാക് ഒബാമ പണ്ട് റിപ്പബ്ളിക് ദിനാഷോഷങ്ങളിലേക്ക് മുഖ്യാതിഥിയായി എത്തിയിരുന്നു. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദേൽ ഫത്താ എൽ സിസിയാണ് കഴിഞ്ഞ വർഷം മുഖ്യാതിഥിയായി എത്തിയത്. ബ്രസീൽ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, തായ്ലാൻഡ്, സിംഗപ്പൂർ, ഫിലിപ്പീൻസ്, മ്യാൻമാർ,മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ.കംബോഡിയ. ബ്രൂണൈ, യുഎഇ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ തലവൻമാരാണ് മുൻ വർഷങ്ങളിൽ അതിഥിയായി എത്തിയത്.