യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിലൂടെ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനും വ്യാപ്തി വർധിപ്പിക്കാനുള്ള വഴികളും ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തത്തിന് അനുസൃതമായാണ് ചർച്ച നടന്നത്.
പരസ്പര പ്രാധാന്യമുള്ള നിരവധി പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ ഇരുവരും വീക്ഷണങ്ങൾ പങ്കുവച്ചു. കൂടാതെ പ്രധാന സംഭവ വികാസങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. തങ്ങളുടെ വികസന ലക്ഷ്യങ്ങൾ കൂടുതൽ കൈവരിക്കാൻ വിവിധ മേഖലകളിലെ പങ്കാളിത്തവും സഹകരണവും ഇരു രാജ്യങ്ങളും തുടർന്നും വളർത്തിയെടുക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദും മോദിയും വ്യക്തമാക്കി.