മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ ആത്മകഥ. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കിയത് വിഎസ് ആണ്. വിഎസ് എതിരാളികളെ തെരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുമായിരുന്നു എന്നും ആത്മകഥയില്‍ പറയുന്നു.
വ്യക്തിപ്രഭാവമുണ്ടാക്കാന്‍ വി എസ് അച്യുതാനന്ദന് പ്രത്യേക സ്ക്വാഡ് ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിഎസിന് എകെജി സെന്ററിലവെ ഇഎംഎസിന്റെ സാന്നിധ്യം ഇഷ്ടമല്ലായിരുന്നു എന്നും ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. നാളെയാണ് ആത്മകഥ പുറത്തിറങ്ങുന്നത്.
1996ലെ മാരാരികുളത്തെ തോല്‍വിക്ക് ശേഷമാണ് വി.എസ് അച്യുതാനന്ദനും എം.എം ലോറന്‍സ് അടങ്ങുന്ന സി.ഐ.ടി.യു വിഭാഗവും തമ്മില്‍ തര്‍ക്കം രുപപ്പെടുന്നത്. തനിക് വി.എസ്സിനോടുള്ള സമീപനമെന്താണെന്നും എറണാകുളം ജില്ലയിലാണ് പാര്‍ട്ടിയുടെ വിഭാഗീയത തുടങ്ങിയതെന്നും ആത്മകഥയില്‍ വിഭാഗീയത എന്ന ഭാഗത്തില്‍ എം.എം ലോറന്‍സ് പറയുന്നുണ്ട്. ‘എ.പി വര്‍ക്കി ജില്ലാ സെക്രട്ടറിയായിക്കുന്ന സമയത്ത് എറണാകുളം ജില്ലയില്‍ നിന്നാണ് വിഭാഗീയത തുടങ്ങുന്നത്. വി.എസ് അചുതാനന്ദന് എ.പി വര്‍ക്കിയെ ഇതിനായി നിയോഗിച്ചു. എറണാകുളം ജില്ലയിലെ മറ്റ് ചിലരെയും ഇതിന് വേണ്ടി ഉപയോഗിച്ചു. പിന്നീട് ഇവരില്‍ പലരും വി.എസ് അച്യുതാനന്ദനുമായി തെറ്റുന്നത് കണ്ടതാണ്. അന്നുതുടങ്ങിയ ഈ വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ ആളി കത്തി’. ഈ വിഭാഗീയത എറണാകുളം ജില്ലയില്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഇതിന്റെ എല്ലാം തുടക്കകാരന് വി.എസ് ആണെന്നുമാണ് ലോറന്‍സ് പുസ്തകത്തില്‍ പറയുന്നുണ്ട്.