ചെന്നൈ: ജനസംഖ്യ അടിസ്ഥാനത്തിലൂടെ മണ്ഡല പുനർനിർണ്ണയത്തിലൂടെ തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകളുടെഎണ്ണം കുത്തനെ ഇടിയുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ സീറ്റുകളാണുള്ളത്. 2026 -ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തും എന്നാണ് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ നിലവിലെ ജനസംഖ്യ അടിസ്ഥാനമാക്കിയാൽ തമിഴ്നാടിന് ഏഴ് ലോക്സഭാ സീറ്റുകൾ വരെ നഷ്ടമാക്കാൻ സാധ്യതയുണ്ടെന്നാണ് സ്റ്റാലിൻ പ്രസ്താവനയിൽ വിഷയമാക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ തമിഴ്നാട്ടിലെ മുഴുവൻ രാഷ്ട്രീയ കക്ഷികളേയും വിളിച്ചു കൂട്ടി സ്റ്റാലിൻ യോഗം വിളിച്ചിട്ടുണ്ട്. മാർച്ച് അഞ്ചിനാണ് സർവ്വകക്ഷിയോഗം ചേരുന്നത്.
അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിഷേധിക്കേണ്ട ഒരു നിർണായക ഘട്ടത്തിലാണ് സംസ്ഥാനമെന്ന് സ്റ്റാലിൻ തൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തമിഴ്നാടിന് മേൽ തൂങ്ങൂന്ന വാൾ എന്നാണ് മണ്ഡല പുനർനിർണ്ണയത്തെ സ്റ്റാലിൻ വിശേഷിപ്പിച്ചിരിക്കുന്നത്. കുടുംബാസൂത്രണ നയം തമിഴ്നാട് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ജനസംഖ്യാനിയന്ത്രണത്തിൽ ഉണ്ടായ മുന്നേറ്റം തമിഴ്നാടിന് തന്നെ തിരിച്ചടിയാവുന്ന അവസ്ഥയാണ് ഇപ്പോൾ. ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കി അതിർത്തി നിർണയം നടപ്പാക്കിയാൽ തമിഴ്നാടിന് എട്ട് എംപിമാരെ നഷ്ടമാകും. ഇത് തമിഴ്നാടിന് പാർലമെൻ്റിൽ പ്രാതിനിധ്യം നഷ്ടപ്പെടുത്തുമെന്നും ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം പുറത്തു വിട്ടാ വാർത്താക്കുറിപ്പിൽ സ്റ്റാലിൻ വ്യക്തമാക്കുന്നു.
ഡീലിമിറ്റേഷനുപുറമെ, ത്രിഭാഷാ പ്രശ്നം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയും യോഗം ചർച്ച ചെയ്യും. ഇത്തരം നീക്കങ്ങളെ ചെറുക്കാൻ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തയ്യാറാണെന്നും മറ്റൊരു ഭാഷായുദ്ധം വീണ്ടും ആളിക്കത്തിക്കുന്ന പ്രവർത്തനങ്ങളിലാണ് കേന്ദ്രസർക്കാർ ഏർപ്പെട്ടിരിക്കുന്നതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
“2026 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണ്ണയം അങ്ങേയറ്റം അപകടകരമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ എല്ലാവരുടേയും ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. എന്നാൽ അതിന് പകരം പാർലമെൻ്റിൽ നമ്മളുടെ ശക്തി കുറയുകയും നമ്മളെ അടിച്ചമർത്താൻ മറ്റുള്ളവർക്ക് അവസരം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നമ്മൾ ജാഗ്രതയോടെ പ്രതികരിക്കണം – സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. മണ്ഡലപുനർനിർണ്ണയത്തിൽ സുതാര്യവും ഇന്ത്യയുടെ ഫെഡറൽ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതുമായ ഒരു നയം ആവശ്യമാണ്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു.