പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരെ കാണാന്‍ വെള്ളിയാമറ്റത്തെ വീട്ടില്‍ നടന് ജയറാമെത്തി. അഞ്ച് ലക്ഷം രൂപയുടെ ചെക്കും കുട്ടികര്‍ഷകര്‍ക്ക് കൈമാറി.
ഇന്ന് രാവിലെ പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അപ്പോള്‍ തന്നെ സിനിമയുടെ ട്രെയിലര്‍ ലോഞ്ചും ഓഡിയോ ലോഞ്ചും മാറ്റിവെക്കാന്‍ നിര്‍മാതാവിനോടും മറ്റും പറയുകയായിരുന്നുവെന്നും താന്‍ അനുഭവിച്ച വേദനയായതിനാലാണ് നേരിട്ട് തന്നെ വന്ന് കുട്ടികളെ ആശ്വസിപ്പിച്ചതെന്നും ജയറാം പറഞ്ഞു. വേണമെങ്കില്‍ പശുവിനെ വാങ്ങിക്കാന്‍ താന്‍ കൃഷ്ണഗിരിയില്‍ നേരിട്ട് വരാമെന്നും ജയറാം കുട്ടികളോട് പറഞ്ഞു.
കര്‍ഷകരെ കാണാന്‍ മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും എത്തിയിരുന്നു. ഇന്‍ഷുറന്‍സോടു കൂടി അഞ്ച് പശുക്കളെ നല്‍കുമെന്ന് മന്ത്രിമാരും വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രിമാര്‍ അറിചയിച്ചു.മില്‍മ 45000 രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ടെന്നും നാളത്തെ മന്ത്രിസഭ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കള്‍ കഴിഞ്ഞ ദിവസം ചത്തത് വാര്‍ത്തയായിരുന്നു. കപ്പത്തൊലി കഴിച്ചതാണ് പശുക്കള്‍ ചത്തതിന് കാരണമെന്നാണ് കരുതുന്നത്.
ജയറാമിന്റെ വാക്കുകള്‍
ഇവര്‍ അനുഭവിച്ച വിഷമം ആറ് വര്‍ഷം മുമ്പ് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ഫാമിലുണ്ടായിരുന്ന സമയത്താണ്, പെട്ടെന്ന് ഒരു കിടാവ് നിലത്ത് വീണ് വയറ് വീര്‍ത്ത് ചത്തത്. കാരണം മനസിലാവുന്നില്ല. പശുക്കളെ മേയാന്‍ വിട്ട് ഭക്ഷണം കണ്ടെത്തുന്ന സമ്പ്രദായമാണ്. അന്ന് വൈകുന്നേരത്തിനുള്ളില്‍ 22 പശുക്കളാണ് അത്തരത്തില്‍ ചത്തത്. ഇത് പുല്ലില്‍ നിന്നോ ഇലയില്‍ നിന്നോ വരുന്ന വിഷാംശം ആണെന്ന് പറയുന്നു. എറണാകുളത്ത് നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ് സംസാരിക്കുമ്പോഴും വിഷാംശം എന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും ഉണ്ടായില്ല. എന്റെ വീട്ടിലെ പശുക്കളെ ആരെങ്കിലും കാശ് കൊടുത്ത് വാങ്ങിയതല്ല. ഞാനും ഭാര്യയും മക്കളും പോയി നോക്കി വാങ്ങിയതാണ്. അവരെ ജെസിബി ഇട്ട് മൂടുന്ന സമയത്തായിരിക്കും ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത്. അപ്പോള്‍ ഈ മക്കളുടെ കാര്യം കേട്ടപ്പോള്‍ മുതല്‍ ഇത് തന്നെയാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെ പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല.
എബ്രഹാം ഓസ്ലര് എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചും ഓഡിയോ ലോഞ്ചും നടക്കുന്നുണ്ട്. നടത്താനിരുന്നത് പൃഥ്വിരാജ് ആയിരുന്നു. രാവിലെ പൃഥ്വിരാജിനെയും നിര്‍മാതാവിനെയും ഒക്കെ വിളിച്ചു. ഈ പരിപാടി നടത്താതിരുന്നാല്‍ ഒരു അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ പറ്റും. അത് ഈ കുഞ്ഞുങ്ങള്‍ക്ക് കൊടുത്താല്‍ അവര്‍ക്ക് ഒരു പത്ത് പശുവിനെയെങ്കിലും വാങ്ങാന്‍ സാധിച്ചാലോ എന്നാണ് ആലോചിച്ചത്. അപ്പോള്‍ അത് കൈമാറാന്‍ വേണ്ടിയിട്ടും ഞാന്‍ അനുഭവിച്ച വേദനയായതുകൊണ്ട് തന്നെ അവരെ ഒന്ന് നേരിട്ട് ആശ്വസിപ്പിക്കാനുമാണ് എത്തിയത്.
കൃഷ്ണഗിരിയില്‍ പശുവിനെ വേടിക്കാന്‍ ഒരുമിച്ച് താന്‍ വരാമെന്നും ജയറാം പറഞ്ഞു.