തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ അനിലും. കേരള ഒളിപിംക്സ് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംപിക് ഡേ റൺ പരിപാടിക്കിടെയാണ് സുരേഷ് ഗോപി പ്രോട്ടോക്കോൾ ലംഘിച്ചതെന്ന ആരോപണം മന്ത്രിമാർ ഉന്നയിക്കുന്നത്.
ഒളിപിംക് ഡേ റൺ ഫ്ളാഗ് ഓഫ് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ സുരേഷ് ഗോപിയും മന്ത്രിമാരും വേദിയിലുണ്ടായിരുന്നു. എന്നാൽ ഗവർണർ പ്രസംഗിക്കുന്നതിനിടെ സുരേഷ് ഗോപി സദസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് നീങ്ങി. സൂപ്പർസ്റ്റാർ കേന്ദ്രമന്ത്രി അടുത്തേക്ക് എത്തിയതോടെ വിദ്യാർത്ഥികളുടെ ആവേശം അതിരുവിട്ടു. ഓടാനെത്തിയ കുട്ടികൾ മന്ത്രിയെ വളഞ്ഞതോടെ ഗവർണറുടെ പ്രസംഗം കേൾക്കാൻ പറ്റാത്ത സ്ഥിതിയായെന്ന് മന്ത്രിമാർ പരാതിപ്പെടുന്നു.
ഗവർണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് പ്രോട്ടോകോൾ ലംഘനമെന്നാണ് വി. ശിവൻകുട്ടിയുടെ ആരോപണം. ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്ന് മന്ത്രി ജി.ആർ. അനിൽ കുറ്റപ്പെടുത്തി. ഒരു ജനപ്രതിനിധിയിൽ നിന്നും ഉണ്ടാക്കാൻ പാടില്ലാതെ പെരുമാറ്റമാണ് സുരേഷ് ഗോപിയിൽ നിന്നുമുണ്ടായതെന്നും അഭിനേതാവായി മാത്രമാണ് സുരേഷ് ഗോപി പെരുമാറിയതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരേഷ് ഗോപി ശ്രദ്ധിക്കണമെന്നും ശിവൻ കുട്ടി പറഞ്ഞു.