തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് ഈ വർഷം ഒക്ടോബർ 25 -ന് ലയണ്ണൽ മെസ്സി അടങ്ങുന്ന അർജ്ജൻ്റീന ടീം കേരളത്തിലേക്ക് എത്തും എന്നാണ് കരുതുന്നത്. നവംബർ രണ്ട് വരെ ഒരാഴ്ച മെസ്സി കേരളത്തിൽ തുടരുമെന്നും കായികമന്ത്രി വി.അബ്ദുറഹ്മാൻ വ്യക്തമാക്കി.
ഈ ഒരാഴ്ചയ്ക്കിടെ രണ്ട് സൌഹൃദ മത്സരങ്ങൾ അർജ്ജൻ്റീന ടീം കേരളത്തിൽ കളിക്കും. ഈ മത്സരങ്ങളിലെ എതിരാളികൾ ആരെല്ലാം എന്ന കാര്യത്തിൽ വരും മാസങ്ങളിൽ വ്യക്തത വരുത്തും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് മത്സരം നടത്താനാണ് നിലവിലെ തീരുമാനം. ആരാധകരുമായി മെസ്സിക്ക് സംവദിക്കാൻ വേദിയൊരുക്കുമെന്നും കായികമന്ത്രി പ്രഖ്യാപിച്ചു.
ആരാധകരുമായി 20 മിനിറ്റ് സംവദിക്കാമെന്ന് മെസ്സി സമ്മതിച്ചതായും മന്ത്രി അറിയിച്ചു. മെസ്സിയുടേയും അർജൻ്റീന ടീമിൻ്റേയും കേരള സന്ദർശനത്തിൽ അന്തിമ തീരുമാനമെടുക്കാനായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ വൈകാതെ കേരളത്തിലെത്തും. അതേസമയം ഫിഫയുടെ കലണ്ടർ പ്രകാരം ഒക്ടോബർ ആറ് മുതൽ പതിനാറ് വരെ തീയതികളിലാണ് അർജ്ജൻ്റീന മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. മന്ത്രി പറഞ്ഞ തീയതികളിൽ വ്യത്യാസമുണ്ടെങ്കിലും അർജൻ്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും തമ്മിൽ നേരിട്ടുള്ള ചർച്ചയിലൂടെ ഈ ആശയക്കുഴപ്പം പരിഹരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. മത്സരം പ്രഖ്യാപിക്കുന്നതിന് മുൻപ് ഫിഫ അധികൃതരും കേരളത്തിലെത്തും എന്നാണ് വിവരം.