കൊച്ചി: 1994ലാണ് മലയാളത്തിലെ അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മ രൂപം കൊള്ളുന്നത്. സ്ഥാപിതമായ കാലം തൊട്ട് ഇന്നു വരെ പല തരം പ്രതിസന്ധികളിലൂടേയും വിവാദങ്ങളിലൂടേയും താരസംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമ്മ കടന്നു പോയിട്ടുണ്ട്. തിലകൻ വിഷയം, നടി ആക്രമിക്കപ്പെട്ട വിഷയം എന്നിവയിലെല്ലാം അടിമുടി ഉലഞ്ഞു പോവുകയും കടുത്ത വിമർശനം നേരിടേണ്ടി വരികയും ചെയ്തുവെങ്കിലും ഒരു സംഘടന എന്ന നിലയിൽ മുന്നോട്ട് പോകുവാൻ അമ്മയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമുണ്ടായ സാഹചര്യം ഭരണസമിതിയാകെ പിരിച്ചു വിടുക എന്ന അസാധാരണ അവസ്ഥയിലേക്ക് അമ്മയെ എത്തിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി തന്നെ കൂട്ടരാജിയിലേക്ക് അമ്മ പോകുന്നു എന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. ഇന്നലെ തന്നെ ഇക്കാര്യത്തിൽ അമ്മ നേതൃത്വം നിയമോപദേശം തേടിയെന്നും വിവരമുണ്ട്. അമ്മ നേതൃത്വത്തിലുള്ളവരുമായും മലയാള സിനിമയിലെ സീനിയർ നടൻമാരുമായും മോഹൻലാൽ ഇന്നലെയും ഇന്നും സംസാരിച്ചുവെന്നാണ് സൂചന. എന്നാൽ ആർക്കു നേരെയും ആരോപണം വരാം എന്ന സാഹചര്യവും സംഘടനയ്ക്കുള്ളിൽ ഉയർന്ന അതൃപ്തിയും പ്രതിഷേധവും രാജിവച്ചൊഴിയാൻ മോഹൻലാലിന് പ്രേരിപ്പിച്ചു എന്നാണ് സൂചന. ഒരു പക്ഷേ രാജി വൈകിയിരുന്നുവെങ്കിൽ പരസ്യപ്രതികരണത്തിലേക്ക് തന്നെ ചില അമ്മ അംഗങ്ങൾ പോകുമായിരുന്നു എന്നാണ് സൂചന.
വിവാദങ്ങളെ ചൊല്ലി കഴിഞ്ഞ കുറേ ദിവസങ്ങളായി അമ്മയ്ക്ക് അകത്ത് അതൃപ്തി ശക്തമായിരുന്നു എന്നാണ് സൂചന. പല താരങ്ങളും മാധ്യമങ്ങളിലൂടെ ഇതിനകം പ്രതിഷേധം പരസ്യപ്പെടുത്തിയിരുന്നു. താരസംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ഇന്നു രാവിലെ മുതൽ താരങ്ങൾ ചേരിതിരിഞ്ഞ് ചർച്ച നടന്നുവെന്നാണ് സൂചന. വിവാദങ്ങളിൽ ഇനിയും അമ്മ മൗനം പാലിക്കരുതെന്നും കർശന നിലപാട് എടുക്കണമെന്നും വൈസ് പ്രസിഡൻ്റ് കൂടിയായ ജഗദീഷ് അടക്കമുള്ളവർ വാട്സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടുവെന്നാണ് സൂചന. യുവതാരങ്ങളും വനിതാ അംഗങ്ങളും ജഗദീഷിനെ പിന്തുണച്ച് രംഗത്ത് എത്തി.
ഇതിനു പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഓൺലൈനായി ചേരുകയും ഈ യോഗത്തിൽ താൻ രാജിവയ്ക്കുകയാണെന്ന് മോഹൻ ലാൽ നാടകീയമായി പ്രഖ്യാപിക്കുകയുമായിരുന്നു. വളരെ വൈകാരികമായാണ് മോഹൻലാൽ രാജി പ്രഖ്യാപനം നടത്തിയത് എന്നാണ് സൂചന. ഒരു തരത്തിലും മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് അമ്മയെന്നും ഇങ്ങനെയൊരു പടിയിറക്കം വേദനിപ്പിക്കുന്നതാണെന്നും മോഹൻലാൽ എക്സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞു. ഇതോടെ രാജിവയ്ക്കരുതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഒരുമിച്ച് നിന്ന് പ്രശ്നങ്ങളെ നേരിടാമെന്നും അംഗങ്ങൾ മോഹൻലാലിനോട് പറഞ്ഞു. എന്നാൽ രാജിതീരുമാനം അന്തിമമാണെന്നും ഇക്കാര്യം താൻ ഇക്കയുമായി (മമ്മൂട്ടി) സംസാരിച്ചെന്നും മോഹൻലാൽ വ്യക്തമാക്കി. പ്രസിഡൻ്റായ മോഹൻലാൽ രാജിവയ്ക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ പാനലിൻ്റെ ഭാഗമായി മത്സരിച്ച് ജയിച്ച മുഴുവൻ അംഗങ്ങളും രാജിവയ്ക്കാം എന്ന തീരുമാനം ഉണ്ടായി. അങ്ങനെ കൂട്ടരാജിയിലേക്ക് അമ്മയെത്തുകയായിരുന്നു.
അടുത്ത രണ്ട് മാസത്തിനുള്ള അമ്മയുടെ മുഴുവൻ അംഗങ്ങളേയും വിളിച്ചു കൂട്ടി ജനറൽ ബോഡി യോഗം കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് നിലവിലെ തീരുമാനം. യുവതാരങ്ങളും വനിതകളും പുതിയ നേതൃത്വത്തിൽ ഉണ്ടാവണം എന്ന ആവശ്യം ഇന്ന് വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ഉണ്ടായിട്ടുണ്ട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫലി എന്നിവർ അമ്മയെ നയിക്കട്ടെ എന്ന വികാരം സംഘടനയിൽ ശക്തമാണ്. പൃഥ്വിരാജ് അമ്മയെ നയിക്കണമെന്ന് നടിമാരായ ശ്വേതാ മേനോനും ഉഷാ ഹസ്സീനയും ഇന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യുവതാരങ്ങൾ നേതൃത്വത്തിലേക്ക് വരുമോ എന്ന് വ്യക്തമല്ല. അതേസമയം രാജിവച്ച സിദ്ദീഖിന് പകരം ആരോപണ വിധേയനായ നടൻ ബാബുരാജിന് ജനറൽ സെക്രട്ടറിയുടെ താത്കാലിക പദവി നൽകാൻ നീക്കമുണ്ടായെന്നും ഇത് അംഗങ്ങളുടെ വിമർശനത്തിനും പ്രതിഷേധത്തിനും കാരണമായെന്നും വാർത്ത പുറത്തു വരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്ന ജനറൽ സെക്രട്ടറി സിദ്ധീഖിൻ്റെ വാർത്താസമ്മേളനത്തിലെ പരാമർശത്തിൽ തുടങ്ങി തൊട്ടതെല്ലാം പിഴച്ച അവസ്ഥയിലായിരുന്നു അമ്മ. സിദ്ധീഖിൻ്റെ വാർത്താസമ്മേളനം കഴിഞ്ഞതിന് പിന്നാലെ സംഘടനയെ പരസ്യമായി തിരുത്തി അമ്മ വൈസ് പ്രസിഡൻ്റായ ജഗദീഷ് രംഗത്ത് എത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലേത് ഗുരുതര ആരോപണങ്ങളാണെന്നും ആരോപണ വിധേയർ അഗ്നിപരീക്ഷ നേരിടണമെന്നുമായിരുന്നു ജഗദീഷിൻ്റെ നിലപാട്. ഇതിനു പിന്നാലെ നടി രേവതി സമ്പത്ത് സിദ്ദീഖിനെതിരായ ആരോപണം വീണ്ടും ഉന്നയിച്ച് രംഗത്ത് എത്തി. പിന്നാലെ മുകേഷിനും ഇടവേള ബാബുവിനും ജയസൂര്യയ്ക്കും എതിരെ ആരോപണങ്ങൾ വന്നു. സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി സിദ്ദീഖിന് പകരം ചുമതലയേൽക്കേണ്ടിയിരുന്ന ബാബു രാജിനെതിരേയും പിന്നാലെ ആരോപണം വന്നത് അമ്മയ്ക്ക് കനത്ത ആഘാതമായി മാറി. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൂട്ടരാജിയുണ്ടായത്.