നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ബിഡിഎസ് വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വാഭാവികമായ പനിയെ കടുത്ത പനിയെ തുടര്‍ന്നാണ് തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വവ്വാല് കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ശരീര സ്രവങ്ങള്‍ വിശദ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ പ്രത്യേ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് നാല് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. മരിച്ച രണ്ട് പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം നിപ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്.ഡി.എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം വ്യക്തമായത്.
പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പൂനെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്.