ദില്ലി: സ്വര്‍ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് (റിട്ട.ഐഎഎസ്) ഗുരുതര രോഗമെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. നട്ടെല്ല് പൊടിഞ്ഞു പോകുന്ന അപൂർവ്വ രോഗമാണ് ശിവശങ്കറിനെന്നാണ് മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. നട്ടെല്ല് പൊടിയുന്നത് അനുസരിച്ച് സുഷുമ്നാ നാഡിയിലും പ്രശ്നങ്ങളുണ്ടെന്നും കഴുത്തും നട്ടെല്ലിലും ഈ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കേന്ദ്രസർക്കാർ സ്ഥാപനമായ പുതുച്ചേരിയിലെ ജവഹര്‍ലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആന്റ് റിസര്‍ച്ചി (ജിപ്മെര്‍)ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ശിവശങ്കറിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. നിലവിലെ ആരോഗ്യസ്ഥിതിയിൽ ശിവശങ്കറിന് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴുത്തിനും നടുവിനും പരമാവധി വിശ്രമം നൽകണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.
കഴുത്തും നടുവും വളയ്ക്കരുത്, തെന്നിയോ അല്ലാതെയുള്ള വീഴ്ചകളോ ഒഴിവാക്കണം, ഭാരം എടുക്കാനോ, ഏറെ നിൽക്കാനോ പാടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ ഇനി കോടതിയിൽ എത്തുമ്പോൾ ഈ മെഡിക്കൽ റിപ്പോർട്ടും കോടതി പരിശോധിക്കും.