മാവേലിക്കരയിലെ തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ജാതി അധിക്ഷേപവും. തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവര്‍ക്കെതിരെയാണ് കുന്നംമലയില് സാം തോമസ് എന്നയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണി ഉയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹരിതസേനാംഗങ്ങള് മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും മാവേലിക്കര പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

ഹരിതകര്‍മസേനയിലെ അംഗങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ചാക്കിലാക്കി ഇയാളുടെ വീടിന് പുറത്തെ മതിലിനോട് ചേര്‍ന്ന് സുരക്ഷതിമായി മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റു വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാനായി പോവുകയും ചെയ്തു.
എന്നാല്‍ ഇവര്‍ പോയതിന് പിന്നാലെ ഇയാള്‍ മാലിന്യം ഇറവങ്കര ജംഗ്ഷനില്‍ കൊണ്ടു പോയി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ശേഖരിച്ചുവെച്ച മാലിന്യം എടുക്കാന്‍ ഉച്ചയ്ക്ക് ശേഷം എത്തിയ സ്ത്രീകള്‍ സാമിനോട് പ്ലാസ്റ്റിക് എവിടെയെന്ന് ചോദിച്ചതിന് പിന്നാലെയാണ് അതിക്രമം ഉണ്ടായത്. ഇയാള്‍ കയ്യേറ്റത്തിന് ശ്രമിച്ചുവെന്നും ആ സമയം പിന്തിരിഞ്ഞ് ഓടിയതുകൊണ്ടാണ് ദേഹോപദ്രവമേല്ക്കാതെ രക്ഷപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
