മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്കെതിരെ ആരോപണവുമായി എംഎല്‍എ മാത്യു കുഴല്നാടന്. വീണയുടെ മാസപ്പടി വിവാദം ഉയര്‍ത്തിയപ്പോഴാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത് എന്നാല്‍ വീണയുടെ കമ്പനി സി.എം.ആര്.എലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയിട്ടുണ്ടെന്ന് മാത്യു കുഴല്നാടന് ആരോപിച്ചു. ഒരു കോടി 72 ലക്ഷം രൂപ വീണ വാങ്ങിയെന്ന് മാത്യു കുഴല്നാടന് ആരോപിക്കുന്നു.
42,48,000 രൂപ വാങ്ങിയതിന് ഐ.ജി.എസ്.ടി നികുതി അടച്ചിട്ടുണ്ട്. എന്നാല്‍ 1.72 കോടി വാങ്ങിയതിന് നികുതി അടച്ചിട്ടില്ല. രേഖകള്‍ താന്‍ പുറത്ത് വിടുകയാണെന്നും മാത്യു കുഴല്നാടന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2017 മുതല്‍ 2019 വരെയാണ് പണം വാങ്ങിയത്. എന്നാല്‍ 63 ലക്ഷത്തിലധികം രൂപ നഷ്ടം വന്നുവെന്നാണ് കമ്പനി രേഖയെന്നും കുഴല്നാടന് പറഞ്ഞു. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്തതുകൊണ്ടാണ് വീണ്ടും വന്നതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
വീണ വിജയന്റെ കമ്പനിയുടെ കണക്കുകളും മാത്യു കുഴല്നാടന് പുറത്ത് വിട്ടു. നഷ്ടമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനിയാണിത്. 63 ലക്ഷത്തിലധികം നഷ്ടമുണ്ടുണ്ടായെന്നാണ് കണക്ക്. 2015ലാണ് വീണയുടെ കമ്പനി തുടങ്ങിയത്. ഒരു വര്‍ഷം വരവ് ഉണ്ടായിരുന്നില്ല. രണ്ടാം വര്‍ഷം 2015-16ല്‍ 44 ലക്ഷം നഷ്ടം ഉണ്ടായി. കര്‍ത്തയുടെ ഭാര്യയുടെ പേരിലുള്ള കമ്പനിയും വീണയുടെ കമ്പനിക്ക് 25 ലക്ഷം രൂപ നല്കി. 2019-20ല്‍ 17 ലക്ഷം നഷ്ടമുണ്ടായി. 1.72 കോടി കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങി. ഇത് കൂടാതെ 42 ലക്ഷം വാങ്ങിയതിന് തെളിവുണ്ടെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
വെറും ആറ് ലക്ഷം രൂപ മാത്രമാണ് നികുതിയിനത്തില്‍ അടച്ചിട്ടുള്ളത്. വീണയുടെ കമ്പനി വിദേശ നാണ്യം സ്വീകരിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉണ്ട്. എന്നാല്‍ ഇന്‍കം ടാക്സ് റിട്ടേണില്‍ ഇക്കാര്യം മറച്ചുവെച്ചു എന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
വീണ മാസപ്പടി വാങ്ങിയില്ല എന്നാണ് സിപിഎം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. കരാര്‍ സുതാര്യമാണെന്നാണ് സിപിഎം നിലപാട്. സിപിഎം മുഖ്യമന്ത്രിയുടെ മകളുടെ സെക്യൂരിറ്റി ഏജന്‍സിയായി മാറിയെന്നും മാത്യു ആരോപിച്ചു.
ഈ അഴിമതിക്കെതിരെ ശരശയ്യയില്‍ ആകുന്നതുവരെ പോരാടാന്‍ തയ്യാറാണ്. പരാതി നല്‍കിയിട്ട് വേണോ കേന്ദ്ര ഏജന്‍സിക്ക് ഇതിലൊക്കെ അന്വേഷണം നടത്താന്‍. ഈ ഇടപാടിലെ ജിഎസ്ടി തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അതിന് അദ്ദേഹം തയ്യാറായില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലത്തെ വീട്ടില്‍ മണ്ണിട്ടതിന് തനിക്ക് മറുപടിയുണ്ടെന്നും വാഹനം വീട്ടിലെത്തിക്കാന്‍ റോഡ് നിര്‍മിക്കാനാണ് പിന്‍ഭാഗത്ത് മണ്ണിട്ടതെന്നും ഇതിന്റെ പേരിലാണ് കുടുംബ വീട്ടില്‍ റീ സര്‍വേ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.