ദില്ലി: പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അക്രമത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി വനമേഖലയിൽ സൈന്യം തെരച്ചിൽ ശക്തമായി തുടരുകയാണ്.
ജി20 ഉച്ചക്കോടിയുടെ ഭാഗമായുള്ള ഔദ്യോഗിക യോഗങ്ങൾ അടുത്ത മാസം ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ ഭീകരാക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്. ഭീകരാക്രമണത്തിൻ്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ തന്നെ എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
അഞ്ച് സൈനികരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോർട്ടുകൾ.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്ന രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിൽ നിന്നുള്ള സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ വാഹനത്തിന് തീപിടിച്ചു. ആക്രമണത്തിൽ നിരവധി ഭീകരരുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. രണ്ട് ഡസനിലധികം ബുള്ളറ്റുകളാണ് ട്രക്കിൽ പതിച്ച നിലയിൽ കണ്ടെത്തിയത്. ഭീകരർ പാകിസ്ഥാൻ പൗരന്മാരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രജൗരിയിൽ ഹിന്ദു കുടുംബങ്ങൾക്ക് നേരെ ആക്രമണം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് സൈന്യത്തിന് നേരെയുള്ള ആക്രമണം. വീരമൃത്യു വരിച്ച അഞ്ച് സൈനികരിൽ നാല് പേർ പഞ്ചാബിൽ നിന്നുള്ളവരും ഒരു സൈനികൻ ഒഡീഷയിൽ നിന്നുള്ളയാളുമാണ്. ഹവിൽദാർ മന്ദീപ് സിംഗ്, ലാൻസ് നായിക് ദേബാശിഷ് ബസ്വാൾ, ലാൻസ് നായിക് കുൽവന്ത് സിംഗ്, ശിപായി ഹർകൃഷൻ സിംഗ്, ശിപായി സേവക് സിംഗ് എന്നിവരാണ് ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തത്.
ധീരരായ ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. “ഈ ദുരന്തസമയത്ത്, എന്റെ മനസ്സ് സൈനികരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ്,” പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളും ആക്രമണത്തെ അപലപിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. വീരമൃത്യ വരിച്ച രാഷ്ട്രീയ റൈഫിൾ സൈനികരുടെ കുടുംബങ്ങളെ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു. പരിക്കേറ്റ സൈനികരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ധീരജവാന്മാർക്ക് എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു- മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സൈനികരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു.
ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്ത മാസം ഇന്ത്യ സന്ദർശിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ച ദിവസമാണ് ഭീകരാക്രമണം നടന്നത്. 2011ൽ ഹിന റബ്ബാനി ഖറിന് ശേഷം ഒരു പാക് വിദേശകാര്യ മന്ത്രി നടത്തുന്ന ആദ്യ സന്ദർശനമായിരിക്കും സർദാരിയുടെ ഇന്ത്യാ സന്ദർശനം.