പാൻ ഇന്ത്യയെ ഞെട്ടിച്ച, ആക്ഷൻ ചിത്രം ‘മാർക്കോ’ ഫെബ്രുവരി 14 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
കൊച്ചി:ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ അഭിനയിച്ച് , ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ‘മാർക്കോ’ ഒ.ടി.ടി യിൽ റിലീസിനായി ഒരുങ്ങുന്നു. പാൻ-ഇന്ത്യൻ തിയേറ്റർ വിജയത്തിന് ശേഷം ഈ (നിയോ-നോയർ) ഹൈ-ഓക്ടെയിൻ ത്രില്ലർ ചിത്രമായ മാർക്കോ ഫെബ്രുവരി 14-ന് മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ സോണി ലിവിൽ എത്തുന്നു.
അടട്ടു കുടുംബത്തിലെ ദത്തുപുത്രനായ ‘മാർക്കോ’ തന്റെ സഹോദരന്റെ ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞതിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുകയും, തന്റെ പിതാവായ ടോണിയും റസ്സൽ ഐസക്കും നയിച്ച ഗൂഢാലോചന മനസ്സിലാക്കുക്കയും ചെയ്യുന്നു. വിശ്വാസഘാതത്തിനും പ്രതികാരത്തിനുമിടയിൽ മാർക്കോയുടെ അതിജീവനത്തിന്റെ യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
‘മാർക്കോ’ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല, ഒരുപാട് വികാരങ്ങളുടെയും വിശ്വാസഘാതത്തിന്റെയും കുടുംബത്തോടുള്ള അതിരില്ലാത്ത സ്നേഹത്തിന്റെയും കഥയാണ് എന്ന് ഉണ്ണി മുകുന്ദൻ പങ്കുവച്ചു. ‘മാർക്കോ’യുടെ ഓരോ തീരുമാനവും ജീവൻ മരണ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററുകളിൽ ലഭിച്ച വലിയ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും ഇപ്പോൾ പ്രേക്ഷകർക്ക് സോണിലിവിലൂടെ ചിത്രം വീണ്ടും കാണാൻ സാധിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും അതിനോടൊപ്പം വയലൻസും ഉള്ളതിനാൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രം കൂടിയായിരുന്നു ‘മാർക്കോ’. മികച്ച ഛായാഗ്രഹണവും മനോഹരമായ സ്ലോ മോഷൻ രംഗങ്ങളും മികവുറ്റ എഡിറ്റിംഗുമൊക്കെ ‘മാർക്കോ’ എന്ന ചിത്രത്തെ അതിന്റെ സാങ്കേതിക മികവിന്റെ പൂർണതയിൽ എത്തിച്ചു. ഒരു മനുഷ്യന്റെ സഹനശക്തയുടെയും ആത്മാഭിമാനതിന്റെയും കുടുംബത്തോടുള്ള അളവറ്റ സ്നേഹത്തിന്റെയും കഥപറയുന്ന ചിത്രമാണ് ‘മാർക്കോ’. ചിത്രത്തിൽ ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, ആൻസൻ പോൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
*തിയേറ്ററുകളെ കീഴടക്കിയ ഈ ആക്ഷൻ ചിത്രം ഫെബ്രുവരി 14 മുതൽ സോണി ലിവിൽ മാത്രമായി സ്ട്രീമിംഗ് ആരംഭിക്കുന്നു.https://youtu.be/TLEIhVc17jM?si=w2ZnNBIVYcF4OnpP