ചെന്നൈ: തമിഴ്നാട് ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്. തമിഴ്നാട്ടിൽ നിന്നും മാത്രമായി അൻപത് കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറിയെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടൊപ്പം ഫെബ്രുവരി മാസത്തിൽ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടവും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി കഴിഞ്ഞു. കർണാടകയിൽ നിന്നും പത്ത് കോടിയിലേറെ കളക്ഷൻ നേടുന്ന ആദ്യമലയാള ചിത്രം എന്നനേട്ടവും കഴിഞ്ഞ ആഴ്ചയിൽ മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിരുന്നു.
ഫെബ്രുവരി 22-നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ജാൻ ഏ മൻ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ചിദംബരത്തിൻ്റെ രണ്ടമാത്തെ ചിത്രം ഒരു സർവൈവൽ ത്രില്ലറായിരുന്നു. മലയാള സിനിമയുടെ സീൻ മാറ്റുന്ന സിനിമ എന്ന സുഷിൻ ശ്യാമിൻ്റെ വാക്കുകൾ സൃഷ്ടിച്ച ഹൈപ്പോടെയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അഡ്വാൻസ് ബുക്കിംലുണ്ടായ ഡിമാൻഡിൽ തന്നെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് വ്യക്തമായിരുന്നു.
റിലീസിന് പിന്നാലെ നിരൂപക പ്രശംസ നേടിയ ചിത്രം കേരളത്തിൽ ഹിറ്റായി മാറി. തമിഴ്നാട്ടിൽ ചെറിയ രീതിയിൽ സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ മെഗാഹിറ്റായി മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ചെന്നൈയ്ക്ക് പുറത്ത് തമിഴ്നാട്ടിലെ വിദൂരഗ്രാമങ്ങളിലും പോലും ജനങ്ങൾ മഞ്ഞുമ്മൽ ബോയ്സ് കാണാനെത്തി. ചിത്രം കണ്ട കമൽഹാസൻ മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിൽ കണ്ടിരുന്നു. രജനീകാന്തും ധനുഷും ചിദംബരത്തെ ഫോണിൽ വിളിച്ച് അനുമോദിച്ചിരുന്നു.