ഒരു നടന് എന്ന നിലയില്‍ താന്‍ ഒട്ടും സന്തോഷവാനല്ലെന്ന് നടന് മണികണ്ഠന്. കമ്മട്ടിപ്പാടത്തിലെ ബാലനുേശഷം തന്നെ ചാലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങളൊന്നും അധികം കിട്ടിയില്ലെന്നാണ് മണികണ്ഠന് പറയുന്നത്. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.
മണികണ്ഠന് പറഞ്ഞത് :
എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരുപാട് ഇമോഷനുകള്‍ ഉണ്ട്. 39 വര്‍ഷമായുള്ള എന്റെ ജീവിതയാത്രയില്‍ ഞാന്‍ കണ്ട, അനുഭവിച്ച കാര്യങ്ങളൊന്നും എനിക്ക് സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ പ്രണയം, ദുഃഖം, ക്രോധം ഇതൊക്കെ എനിക്ക് സിനിമയില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അത്തരത്തില്‍ വളരെ സങ്കീര്‍ണമായ കഥാപാത്രങ്ങളൊന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ദുഃഖം എന്നെ അലട്ടുന്നുണ്ട്.
എന്തുകൊണ്ടാണ് ഒരു വലിയ നല്ല കഥാപാത്രം എന്റെ ചുമലിലേക്ക് വച്ച് തരാന്‍ സംവിധായകര്‍ ധൈര്യപ്പെടാത്തത് കമ്മട്ടിപ്പാടത്തില്‍ രാജീവ് രവി ചേട്ടന് എടുത്ത ധൈര്യം മറ്റൊരു സംവിധായകനും കാണിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്. മിക്ക സിനിമകളിലും ചെറിയ കഥാപാത്രം അല്ലെങ്കില്‍ ആ കഥ പറഞ്ഞു പോകാനുള്ള ഒരു ടൂള്‍ ആയിട്ടാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ ഈ സിനിമകളിലൊക്കെ എന്നെ കാസ്റ്റ് ചെയ്യുന്നതില്‍ ഞാന്‍ സന്തോഷവാനാണ്.
കാരണം സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ പോലും ആഗ്രഹിച്ച് ഒരുപാട് പേര് പുറത്തുനില്‍ക്കുന്നുണ്ട്. നന്ദികേടല്ല ഞാന്‍ പറയുന്നത്. പക്ഷേ അഭിനയ പ്രാധാന്യമുള്ള, ആ കഥാപാത്രത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെടാനും വായിച്ച് മനസ്സിലാക്കാനും ആ കഥാപാത്രമായി ഒരുപാട് യാത്ര ചെയ്യാനും ഒക്കെ കഴിയുന്ന, ആത്മരതി അനുഭവിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രമാണ് ഞാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്.