കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സപ്രസ്സിന് കല്ലെറിഞ്ഞയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ മൊഴി.
എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. റെയിൽവേ പൊലീസും കേരള പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായിരിക്കുന്നത്. കൃത്യത്തിൽ ഇയാളെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.
വന്ദേഭാരതിന് കല്ലെറിഞ്ഞതല്ലെന്നും പെപ്പ് കൊണ്ട് എറിഞ്ഞപ്പോൾ ട്രെയിനിൽ തട്ടിയതാണെന്നും കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ഇയാൾ പറയുന്നത്. റിസ്വാനെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.
മലപ്പുറം ജില്ലയിലെ താനൂരിലും തിരൂരിനും ഇടയ്ക്കുള്ള സ്ഥലത്ത് വച്ചാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും തിരൂർ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത് എന്നത് അന്വേഷണത്തിന് തടസ്സമായെങ്കിലും ചില നിർണായക മൊഴികളിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റിസ്വാനെ പിടികൂടുകയായിരുന്നുവെന്നാണ് വിവരം.