ദുബായ്: അബായയും നിഖാബും ധരിച്ച അറബ് യുവാവിനെ ദുബായ് പോലീസ് വെള്ളിയാഴ്ച പള്ളിക്ക് സമീപം പിടികൂടിയതായി അധികൃതർ അറിയിച്ചു. ദുബായിലെ നിയമങ്ങൾ പ്രകാരം ഭിക്ഷാടനം കുറ്റകൃത്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. റമദാൻ മാസത്തിൽ യാചകരെ കണ്ടെത്താൻ കർശന പരിശോധനയും നിരീക്ഷണവുമാണ് ദുബായ് പൊലീസ് നടത്തുന്നത്.
ഭിക്ഷാടനം നടത്തുന്ന സ്ത്രീകളോട് ആളുകൾ കൂടുതൽ സഹാനുഭൂതിയുള്ളവരാണെന്ന് കണ്ടാണ് ഇയാൾ സ്ത്രീ വേഷം ധരിച്ചു വന്നതെന്ന് ദുബായ് പോലീസിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു. സംശയാസ്പദമായ നിലയിൽ ഒരു ഭിക്ഷ യാചിക്കുന്നതായി പ്രദേശവാസി റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് എത്തി ഇയാളെ പിടികൂടിയതെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.
പുണ്യമാസത്തിൽ ജനങ്ങളുടെ സഹതാപം മുതലെടുത്ത് ചൂഷണത്തിന് ഇറങ്ങിയ തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് പൊലീസ് അറിയിച്ചു. “അവർ പറയുന്ന കഥകളും അവകാശവാദങ്ങളും സത്യവിരുദ്ധമാണ്, താമസക്കാർ ജാഗ്രത പാലിക്കണം” ബ്രിഗേഡിയർ അൽ ഷംസി പറഞ്ഞു, “അവർ പള്ളികൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിവയ്ക്ക് സമീപം ഭിക്ഷയാചിക്കുന്നതായാണ് കാണുന്നത്.
യാചക നിരോധന നടപടികളുടെ ഭാഗമായി റമദാൻ മാസത്തിൻ്റെ ആദ്യ ദിനത്തിൽ 17 യാചകരെ അറസ്റ്റ് ചെയ്തതായി ഈ ആഴ്ച ആദ്യം ദുബായ് പോലീസ് അറിയിച്ചിരുന്നു. ഇവരിൽ 13 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. ഭിക്ഷാടനത്തിന് പിടിയിലായാൽ കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഭിക്ഷാടന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഭിക്ഷാടനത്തിൽ ഏർപ്പെടാൻ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.
യോഗ്യതയുള്ള അധികാരിയുടെ അംഗീകൃത ലൈസൻസില്ലാതെ ധനസമാഹരണം അഭ്യർത്ഥിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിക്കുന്ന ആർക്കും 250,000 ദിർഹത്തിൽ കുറയാത്തതോ 500,000 ദിർഹത്തിൽ കൂടുതലോ പിഴയോ ഈ പിഴകളിൽ ഒന്നിന് വിധേയമോ ആയിരിക്കും.
ഭിക്ഷാടകരോട് ഇടപെടരുതെന്ന് അൽ ഷംസി പൊതുജനങ്ങളോട് കർശനമായി ഉപദേശിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളും ഭിക്ഷാടനവും 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പോലീസിൻ്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കാരുണ്യപ്രവർത്തനങ്ങളുമായി സഹകരിക്കണം എന്നുള്ളവർക്ക് രജിസ്റ്റർ ചെയ്തതും നിയമാനുസൃതവുമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനകൾക്ക് സംഭാവനകൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.