കോഴിക്കോട്: എക്സ്പ്രസ്സ് ട്രെയിനായ വന്ദേഭാരത് തട്ടി കോഴിക്കോട് അജ്ഞാതൻ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലേ കാലോടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അതിവേഗത്തിൽ വന്ന വന്ദേഭാരത് ട്രെയിനിന് മുന്നിലേക്ക് അജ്ഞാതൻ ചാടുകയായിരുന്നുവെന്നാണ് വിവരം. ട്രെയിനിൻ്റെ മുൻവശം തട്ടി ഇയാൾ തെറിച്ചു പോയെന്നും തത്ക്ഷണം മരിച്ചെന്നും ദൃക്സാക്ഷികൾ പറയുന്നു.

കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് വന്ദേഭാരത് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വന്ദേഭാരത് മുൻഭാഗത്ത് തകരാർ സംഭവിച്ചു. രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയ ട്രെയിൻ പിന്നീട് കൊച്ചുവേളി യാർഡിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തി. ചൊവ്വാഴ്ചത്തെ സർവ്വീസ് പതിവു പോലെ നിലവിൽ പുരോഗമിക്കുകയാണ്.
വിമാനങ്ങൾക്ക് സമാനമായ എയ്റോഡൈനാമിക് രൂപത്തിലാണ് വന്ദേഭാരത് ട്രെയിനുകളുടെ എഞ്ചിൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഫൈബർ കൊണ്ട് നിർമ്മിച്ച ഈ ഭാഗം പലപ്പോഴും അപകടത്തിൽപ്പെടുമ്പോൾ തകരാറുണ്ട്. ഇതിനോടകം നിരവധി തവണ വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇടിച്ചു തെറിപ്പിച്ചിരുന്നു. എന്നാൽ സാരമായ തകരാറൊന്നും ഇതുവരെ ട്രെയിനുകൾക്ക് ഉണ്ടായിട്ടില്ല.
