ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രധാന പ്രതിയുമായി ബന്ധമുള്ളയാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ഷബീർ എന്നാണ് ഇയാളുടെ പേരെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്.
ഇപ്പോൾ പിടിയിലായ ആൾക്ക് രാമേശ്വരം കഫേയിൽ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ച ആളുമായി ബന്ധമുണ്ടെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ടൈമർ ഉപയോഗിച്ച് ഐഇഡി ബോംബ് പ്രയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
കഫേയിലെത്തി ഓർഡർ നൽകിയ ശേഷം കൈവശമുണ്ടായിരുന്ന ബാഗ് ഹോട്ടലിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇയാൾ സ്ഫോടന സ്ഥലത്തേക്ക് ബസിൽ വരുന്നതും സ്ഫോടനത്തിന് ശേഷം വസ്ത്രം മാറി സ്ഥലംവിടുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒന്നിൽ, ഫുൾസ്ലീവ് ഷർട്ടും ഇളം നിറത്തിലുള്ള പോളോ തൊപ്പിയും, കണ്ണടയും, മുഖംമൂടിയും ധരിച്ചാണ് അദ്ദേഹം കാണപ്പെടുന്നത്, രണ്ടാമത്തെ വീഡിയോയിൽ, പർപ്പിൾ നിറമുള്ള ഹാഫ് സ്ലീവ് ടി-ഷർട്ടും കറുപ്പും ധരിച്ചാണ് ഇയാളെ കാണപ്പെടുന്നത്. അതേസമയം, മൂന്നാമത്തെ ദൃശ്യത്തിൽ ഇയാൾ തൊപ്പിയോ കണ്ണടയോ ധരിച്ചിരുന്നില്ല
അറസ്റ്റിലേക്ക് നയിക്കുന്ന പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിന് ശേഷം അടച്ചിട്ട രാമേശ്വരം കഫേ കഴിഞ്ഞ ആഴ്ച വീണ്ടും തുറന്നത്.