മുംബൈ: വിമാനത്തിനുള്ളിൽ യാത്രക്കാരനായ യുവാവ് അക്രമാസക്തനായതിനെ തുടർന്ന് കോഴിക്കോട് നിന്നും ബഹ്റെനിലേക്ക് പോയ വിമാനം മുംബൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി. ജൂണ്‍ ഒന്ന് ശനിയാഴ്ച കോഴിക്കോട് നിന്നും പോയ എയർഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് സംഭവം.
അബ്ദുൾ മുസാവിർ നടുക്കണ്ടി എന്ന യാത്രക്കാരനാണ് വിമാനത്തിലെ മുഴുവൻ യാത്രക്കാരേയും മുൾമുനയിൽ നിർത്തിയതും എമർജൻസി ലാൻഡിംഗിലേക്ക് നയിക്കുന്ന തരത്തിൽ അക്രമം അഴിച്ചു വിട്ടതും. കോഴിക്കോട് നിന്നും വിമാനം പുറപ്പെടുമ്പോൾ ഉറക്കത്തിലായിരുന്ന യുവാവ് പിന്നീട് എഴുന്നേറ്റ ശേഷം വിമാനത്തിൻ്റെ പിറകിലേക്ക് പോകുകയും ക്യാബിൻ ക്രൂവിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ച ഇയാളെ മറ്റ് ക്യാബിൻ ക്രൂ അംഗങ്ങളെത്തി പിടിച്ചു മാറ്റുകയായിരുന്നു.
സീറ്റിൽ പിടിച്ച് ഇരുത്തിയ ശേഷവും ഇയാൾ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നേരെ അസഭ്യവർഷം തുടർന്നു. സഹയാത്രക്കാരെ ആക്രമിക്കാനും എമർജൻസി ഡോർ തുറക്കാനും ശ്രമിച്ചു. ഗത്യന്തരമില്ലാതെ വന്നതോടെ ബഹ്റെനിലേക്ക് പോകുകയായിരുന്ന വിമാനം പൈലറ്റ് മുംബൈയിലേക്ക് തിരിച്ചു വിട്ടു. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിന് പിന്നാലെ സുരക്ഷാ ജീവനക്കാർ വിമാനത്തിൽ പ്രവേശിച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വിവിധ ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് അധികൃതർ അറിയിച്ചു.