തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകരുടെ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ സിനിമ ലോകത്ത് നിന്ന് വീണ്ടും സഹായം. കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്കിയ നടന് ജയറാമാണ് കൂടുതല്‍ സഹായം എത്തുമെന്ന് അറിയിച്ചത്. മമ്മുട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയും കുട്ടി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം അറിയിച്ചു.
പുതിയ ചിത്രമായ ഓസ്ലറിന്റെ ട്രെയ്ലര് ലോഞ്ചിന് വേണ്ടി മാറ്റി വെച്ച 5 ലക്ഷം രൂപയാണ് ജയറാം കുട്ടികര്‍ഷകര്‍ക്ക് സഹായമായി നല്‍കിയത്. ഇന്ന് രാവിലെ വെള്ളിയാമറ്റത്ത് കുട്ടികളുടെ വീട്ടിലെത്തി ജയറാം പണം നല്‍കുകയായിരുന്നു. 20 വര്‍ഷമായി താന്‍ പശുക്കളെ വളര്ത്തുന്നയാളാണെന്നും തനിക്ക് അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും അറിയാമെന്നും ജയറാം പറഞ്ഞു.
കുട്ടികര്ഷകരിലൊരാളായ മാത്യുവിന് മികച്ച കുട്ടി ക്ഷീര കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നാണ് ഇത്. നിരവധി പുരസ്കാരങ്ങള്‍ ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തു വീഴുന്നത് കണ്ട് മാത്യു ബോധരഹിതനായി വീഴുകയും ചെയ്തിരുന്നു.
കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗവകുപ്പ് മന്ത്രി ചിഞ്ചു റാണി രംഗത്തെത്തുകയും ചെയ്തിരുന്നു. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു.