കണ്ണൂർ: മലയാളി യുവതിയെ അബുദാബിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറയ്ക്കൽ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനിയായ മനോഗ്നയെ ആണ് കൈഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. 31 വയസ്സായിരുന്നു.
മനോഗ്നയ്ക്കൊപ്പം അത്യാസന്ന നിലയിൽ കണ്ടെത്തിയ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം നിരീക്ഷണത്തിൽ ആശുപത്രിയിൽ പാർപ്പിച്ചിരിക്കുകയാണ്.
മനോഗ്നയും ഭർത്താവും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് സംശയിക്കുന്നത്. ഇവർ ജീവനൊടുക്കിയതാണെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. മനോഗ്നയുടെ മൃതദേഹം ബനിയാസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവിൻ്റെ മൊഴിയെടുത്താൽ മാത്രമേ എന്തെങ്കിലും വിവരം ലഭിക്കൂ. ഇവരെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ ലഭ്യമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.