ഇൽഫോർഡ്: ഭർത്താവിനെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച മലയാളി യുവതി ലണ്ടനിൽ അറസ്റ്റിൽ. വടക്കൻ ലണ്ടനിലെ ഇൽഫോർഡിലാണ് സംഭവം. വിദ്യാർത്ഥി വിസയിൽ ലണ്ടനിലെത്തിയ എറണാകുളം സ്വദേശികളായ ദമ്പതിമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കത്തിക്കുത്തിൽ കലാശിച്ചത്. പുറത്തു പോയി വന്ന ഭർത്താവിനെ വാക്കേറ്റത്തിനൊടുവിൽ ഭാര്യ കുത്തുകയായിരുന്നു എന്നാണ് വിവരം. ഭാര്യ വിദ്യാർത്ഥി വിസയിലും ഭർത്താവ് ആശ്രിത വിസസയിലുമാണ് ലണ്ടനിൽ എത്തിയത്. അടുത്ത കാലത്ത് പഠനം പൂർത്തിയാക്കിയ ഭാര്യ പോസ്റ്റ് സ്റ്റഡി വിസയിലേക്ക് മാറിയിരുന്നു.
ഭർത്താവിന് ഗുരുതരമായി പരിക്കേറ്റുവെന്ന് മനസ്സിലായതോടെ യുവതി തന്നെയാണ് പാരാമെഡിക്സിൻ്റെ സഹായം തേടിയത്. പിന്നാലെ പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. ഒരു കൂട്ടം മലയാളികൾ ഒന്നിച്ചു താമസിക്കുന്ന ഒരു വീട്ടിലാണ് ഈ ദമ്പതികളും മക്കളും താമസിച്ചിരുന്നത് എന്നാണ് വിവരം. ഭാര്യ ക്രിമിനൽ കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ഇവരുടെ രണ്ട് ചെറിയ കുട്ടികളെ സർക്കാർ ഏറ്റെടുത്ത് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയേക്കും എന്ന ആശങ്കയിലാണ് ഇവരുടെ സുഹൃത്തുകൾ.
ക്രിമിനൽ കേസിൽ സാക്ഷിയാവേണ്ടി വരും എന്നതിനാൽ ഇവരുടെ കൂടെ താമസിച്ചിരുന്ന മലയാളികളാരും കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ തയ്യാറല്ല. മുൻപും ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നുവെന്നും നേരത്തെയും യുവതി ഭർത്താവിനെ കുത്തിപരിക്കേൽപ്പിച്ചിരുന്നുവെന്നും സൂചനയുണ്ട്. യു.കെയിലെ നിയമപ്രകാരം കൊലപാതക ശ്രമത്തിനാവും ഭാര്യയ്ക്ക് നേരെ കേസെടുക്കുക എന്നതിനാൽ അവർക്ക് കടുത്ത ശിക്ഷ കിട്ടാനും സാധ്യതയുണ്ട്. ആശ്രിത വിസയിലുള്ള ഭർത്താവിനും ഇതു തിരിച്ചടിയാവും.