റിയാദ്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യാത്രയ്ക്ക് മണിക്കൂറുകൾ മുൻപ് ഉറക്കത്തിൽ മരിച്ചു. സൗദി അറേബ്യയിലെ റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന തിരൂർ കല്ലിങ്ങൽ സ്വദേശി റഫീഖാണ് മരണപ്പെട്ടത്. 42 വയസ്സായിരുന്നു.
ചൊവ്വാഴ്ച രാത്രി 11.55 -ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് പോകാൻ റഫീഖ് ടിക്കറ്റെടുത്തിരുന്നു. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഉറങ്ങാൻ കിടന്ന റഫീഖ് പിന്നെ ഉണർന്നില്ല. റഫീഖിനെ ഫോണിൽ പ്രതികരണമില്ലാതെ വന്നതോടെ തിരഞ്ഞെത്തിയ സുഹൃത്തുകളാണ് റഫീഖിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സുഹൃത്തുകൾ അറിയിച്ചു.
2019-ൽ റിയാദിലെത്തിയ റഫീഖ് പല തവണ നാട്ടിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയും വിസയിലും സ്പോൺസർഷിപ്പിലും വന്ന മാറ്റങ്ങളും കാരണം യാത്ര നീണ്ടു പോകുന്ന നിലയുണ്ടായി. തടസ്സങ്ങളെല്ലാം മാറി ഒടുവിൽ നാട്ടിലെത്തുന്നതിൻ്റെ സന്തോഷത്തിലായിരുന്നു റഫീഖ് ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.
അടുത്തിടെയാണ് നാട്ടിൽ റഫീഖിൻ്റെ വീട് പണി പൂർത്തിയായത്. അപ്രതീക്ഷിതമായി നാട്ടിലെത്തി ഭാര്യയേയും മക്കളേയും ഉമ്മയേയും ഞെട്ടിക്കാനുള്ള കാത്തിരിപ്പിലായിരുന്നു റഫീഖെന്ന് സുഹൃത്തുക്കൾ പറയുന്നു. നടപടികൾ പൂർത്തിയാക്കി റഫീഖിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും