കൊല്ലം: ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരണപ്പെട്ടു. തേവലക്കര പടിഞ്ഞാറ്റക്കര ചെളിത്തോട് സ്വദേശി ഷെമീറാണ് മരണപ്പെട്ടത്.
പരേതനായ കായൽവാരത്ത് ബഷീർ കുട്ടിയുടേയും സബൂറ ബീവിയുടേയും മകനാണ്. 35 വയസ്സായിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഷമീർ. ഒരു മാസം മുൻപാണ് പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്തിയത്. ഡിസംബർ 31-ന് പുതിയ വീട്ടിൽ താമസം തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് അപകടം. കായംകുളത്തെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. രഹ്നയാണ് ഷെമീറിൻ്െ ഭാര്യ. എട്ട് വയസ്സുകാരി ആമിനയും രണ്ട് വയസ്സുകാരൻ അമാനും മക്കളാണ്.
ദേശീയപാതയിൽ വ്യാഴാഴ്ച കരുനാഗപ്പള്ളി കന്നേറ്റിപ്പാലത്തിന് സമീപത്ത് രാത്രി എട്ട് മണിയോടെ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഷെമീറിന് സാരമായി പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഷമീറിന് പിന്നീട് ബോധം വീണ്ടെടുക്കാനായില്ല. ആദ്യം വണ്ടാനം മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളം ആസ്റ്റർ ആശുപത്രിയിൽ മൂന്ന് ദിവസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷമാണ് ഷമീർ മരണപ്പെട്ടത്. ഖബറടക്കം തിങ്കളാഴ്ച വടക്കുംതല ജമാഅത്ത് ഖബറിസ്ഥാനിൽ നടന്നു.