സൗദ്ദി അറേബ്യയിലെ അൽ കൊബാറിൽ മലയാളി ദമ്പതികൾ മരണപ്പെട്ട നിലയിൽ. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹനും (37), ഭാര്യ രമ്യ മോളുമാണ് (28) മരിച്ചത്.
അനൂപിനെ ഫ്ളാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ സംശയം.
ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകൾ ആരാധ്യയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി കതക് പൊളിച്ച് ഫ്ളാറ്റിനകത്ത് കടന്നപ്പോൾ ആണ് ദമ്പതികളെ മരിച്ച നിലയിലും കുഞ്ഞിനേയും കണ്ടെത്തിയത്.
രണ്ട് ദിവസമായി അമ്മ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നുവെന്നും തന്നെ അച്ഛൻ തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകി. അഞ്ച് മാസം മുൻപാണ് രമ്യയും കുഞ്ഞും സന്ദർശക വിസയിൽ സൌദിയിൽ എത്തിയത്.
മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ദമാം മെഡിക്കൽ കോപ്ലംക്സ് മോർച്ചറിയിലേക്ക് മാറ്റി. 12 വർഷമായി തുക്ബ സനയ്യയിൽ പെയിൻ്റിംഗ് വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു അനൂപ്. ഇയാൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുകൾ പറയുന്നു.