കഴുത്തു ഞെരിച്ചാണ് മൈലപ്രയിലെ വ്യാപാരിയായ ജോര്‍ജ് ഉണ്ണുണിയെ കൊലപ്പെടുത്തിയതെന്ന് പത്തനംതിട്ട പൊലീസ്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കൈലി മുണ്ടും ഷര്‍ട്ടും കണ്ടെടുത്തു. ഒന്‍പത് പവന്റെ മാലയും പണവും നഷ്ടമായിട്ടുണ്ട്. മോഷണത്തിനിടെയാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് കൈലിമുണ്ടും ഷര്‍ട്ടിന്റെ കഷ്ണവുമാണ് ലഭിച്ചത്. മാലയുടെ കൊളുത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മാല നഷ്ടമായി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലേ കൃത്യമായ വിവരങ്ങള്‍ ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു. അതേസമയം നന്നായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജോര്‍ജിന്റെ മകന് സുരേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജോര്‍ജിനെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ വന്‍ ആസൂത്രണം നടന്നതായാണ് പൊലീസിന്റെ നിഗമനം. വായില്‍ തുണി തിരുകി കൈയ്യും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെ സിസിടിവി ഹാര്‍ഡ് ഡിസ്കും കാണാതായിട്ടുണ്ട്.
മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് മരിച്ച ജോര്‍ജ്. എല്ലാ ദിവസവും ആറ് വൈകീട്ട് ആറ് മണിയോടെ കടയടച്ച് പോകാറാണ് പതിവ്. ജോര്‍ജിനെ കൂട്ടാന്‍ കൊച്ചുമകന് കടയില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.