കൊച്ചി: നടൻ കൊല്ലം സുധിയുടെ മരണത്തിന് കാരണമായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് ഇന്നലെ ഒൻപത് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും മഹേഷ് സുഖംപ്രാപിച്ചു വരികയാണെന്നും അദ്ദേഹത്തിൻ്റെ സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയയാണ് ഏഴ് മണിക്കൂറെടുത്ത് ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കിയത്. അപകടവും സുധിച്ചേട്ടൻ്റെ മരണവും കാരണം ബിനു ചേട്ടൻ (ബിനു അടിമാലി) കടുത്ത മാനസികസംഘർഷത്തിലാണെന്നും തനിക്കായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചെന്നും ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
കൊച്ചി മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെ ആരോഗ്യനിലയിലും കാര്യമായ പുരോഗതിയുണ്ട്. അതിതീവ്രവിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്ന ബിനു അടിമാലിയെ മുറിയിലേക്ക് മാറ്റി. ബിനുവിനെ നേരിൽ കണ്ടും സംസാരിച്ചെന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും സുഹൃത്തും സംവിധായകനുമായ അനൂപ് ജോണ് പറഞ്ഞു. ബിനുവിൻ്റെ ആരോഗ്യനിലെയക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കയ്പമംഗലത്തുണ്ടായ അപകടത്തിന് പിന്നാലെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലാണ് കൊല്ലം സുധിയേയും ബിനു അടിമാലിയേയും മഹേഷ് കുഞ്ഞുമോനേയും ഡ്രൈവർ ഉല്ലാസിനേയും ആദ്യം എത്തിച്ചത്. ആശുപത്രിയിൽ വച്ച് കൊല്ലം സുധി മരണപ്പെടു. മഹേഷിനും ബിനുവിനേയും ഉല്ലാസിനേയും കൊച്ചിയിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.