ഭോപ്പാൽ: സംസ്ഥാനത്തിന് അകത്തെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് എയർടാക്സി സർവ്വീസ് ആരംഭിച്ച് മധ്യപ്രദേശ് സർക്കാർ. പ്രധാനമന്ത്രി ശ്രീ പയതാൻ വായു സേവ എന്ന പേരിലാണ് മധ്യപ്രദേശ് വ്യോമയാന വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മധ്യപ്രദേശിലെ പ്രധാനനഗരങ്ങളായ ഇൻഡോറിനേയും ഭോപ്പാലിനേയും ബന്ധിപ്പിച്ചാവും ആദ്യ സർവ്വീസ്.
നിലവിൽ റോഡ് മാർഗ്ഗം നാല് മണിക്കൂറെടുക്കുന്ന ഭോപ്പാൽ – ഇൻഡോർ യാത്ര എയർടാക്സിയിൽ 55 മിനിറ്റിൽ പൂർത്തിയാക്കാനാവും. യാത്രക്കാരെ എയർടാക്സിയിലേക്ക് ആകർഷിക്കാനായി ആദ്യഘട്ടത്തിൽ 55 ശതമാനം ടിക്കറ്റ് ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ വായുമാർഗ്ഗം ബന്ധിപ്പിക്കുക വഴി ടൂറിസം – ബിസിനസ് രംഗത്ത് കാര്യമായ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മുഖ്യമന്ത്രി മോഹൻ ജാദവാണ് എയർടാക്സിയുടെ ആദ്യ സർവ്വീസ് ഭോപ്പാലിൽ ഫ്ലാഗ് ഓഫ് ചെയ്തത്. വ്യവസായ നഗരമായ ജബൽപൂരിലേക്കായിരുന്നു ആദ്യ സർവ്വീസ്. ആറ് പേർക്കാണ് ഒരേസമയം വിമാനത്തിൽ സഞ്ചരിക്കാൻ സാധിക്കുക. യാത്രക്കാരെ ആകർഷിക്കാനായാൽ പിന്നീട് 11ഉം 20ഉം സീറ്റുകളുള്ള വിമാനം സർവ്വീസിന് ഇറക്കാനാണ് സർക്കാരിൻ്റെ ആലോചന.