എഡിറ്റോറിയലും ട്രൂത്ത് ഗ്ലോബൽ ഗ്രൂപ്പും സംയുക്തമായി നടത്തിയ മാംഗല്യം പരിപാടിയിലൂടെ 38 യുവതി യുവാക്കൾ പുതുജീവിതത്തിലേക്ക്. സമൂഹവിവാഹത്തിൻ്റെ പൊതുരീതികളെ പൊളിച്ചെഴുതി കൊണ്ട് എഡിറ്റോറിയൽ സംഘടിപ്പിച്ച ട്രൂത്ത് മാംഗല്യം 2- വിലൂടെയാണ് ഇത്രയും യുവാക്കൾ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ചെയർമാൻ അബ്ദുൾ സമദ്, എഡിറ്റോറയിൽ എംഡി & ചീഫ് എഡിറ്റർ അരുണ്‍ രാഘവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹചടങ്ങുകൾ. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, എറണാകുളം എംപി ഹൈബി ഈഡൻ, ഗാന്ധിഭവൻ ചെയർമാൻ സോമരാജൻ, വൈസ് ചെയർമാൻ അമൽ രാജ്, നിർമ്മാതാവ് ആൻ്റോ ആൻ്റണി, മമ്മൂട്ടികമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ്ജ്, നടി സ്മിനു തുടങ്ങിയവർ മാംഗല്യം ചടങ്ങിൽ അതിഥികളായി എത്തി.
പലതരം ജീവിത പ്രതിസന്ധികളിൽ വിവാഹജീവിതം വൈകി പോയ 38 പേരുടെ വിവാഹത്തിന് മാംഗല്യം വഴിയൊരുക്കിയത്. കേരളത്തിലെ വിവിധ ആദിവാസി സമുദായങ്ങളിൽ നിന്നുള്ള 10 ഉം ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒൻപതും പെണ്‍കുട്ടികളുടെ വിവാഹമാണ് രണ്ട് ദിവസം നീണ്ട ചടങ്ങുകൾക്കൊടുവിൽ ആഘോഷമായി നടന്നത്. കൊച്ചി പാലാരിവട്ടം അസീസിയ കൺവൻഷൻ സെൻ്ററിൽ നടന്ന വിവാഹചടങ്ങിൽ വധൂവരൻമാരുടെ കുടുംബാംഗങ്ങളെ കൂടാതെ സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ളവരും ആശംസകളുമായി എത്തി.
തമ്മനം ഡിഡി റീട്രീറ്റിൽ നടന്ന ഹൽദി ചടങ്ങുകളോടെയാണ് വിവാഹആഘോഷപരിപാടികൾക്ക് തുടക്കമായത്. ഹൽദി ചടങ്ങിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തിയ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ യുവമിഥുനങ്ങൾക്ക് ആശംസകൾ നൽകി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായ എമിറാത്തി സഹോദരിമാരായാ നൂറയും മറിയവും, ആർ.ജെ സൂരജ് അടക്കമുള്ളവരും ഹൽദി ചടങ്ങിൽ പങ്കെടുത്തു.
.
ഞായാറാഴ്ച അസീസിയ ചടങ്ങിൽ വിവാഹചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് മലയാളത്തിൻ്റെ മെഗാസ്റ്റാർ ചടങ്ങിലേക്ക് സർപ്രൈസ് എൻട്രി നടത്തിയത്. സെറിബ്രൽ പാൾസി ബാധിതരായ മലപ്പുറം സ്വദേശിനി ബിന്ദു സരോജിനി, വയനാട് സ്വദേശിനി അസ്മ എന്നിവരുടെ വിവാഹം മമ്മൂട്ടിയുടെ മേൽനോട്ടത്തിലാണ് നടന്നത്. ചൂരൽമല ദുരന്തത്തിൽ കുടുംബത്തേയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതിക്ക് എഡിറ്റോറിയൽ – ട്രൂത്ത് ഗ്രൂപ്പിൻ്റെ സഹായധനമായി മൂന്ന് ലക്ഷം രൂപ മമ്മൂട്ടി കൈമാറി.
2023-ലാണ് എഡിറ്റോറിയൽ മാംഗല്യം എന്ന പേരിൽ സമൂഹവിവാഹപരിപാടി ആദ്യമായി സംഘടിപ്പിച്ചത്. പത്ത് പേരുടെ വിവാഹവും പത്ത് പേർക്ക് വിവാഹസഹായധനവും നൽകിയായിരുന്നു ആദ്യത്തെ എഡിറ്റോറിയൽ മാംഗല്യം നടന്നത്. ട്രൂത്ത് ഗ്രൂപ്പ് മേധാവി സമദിൻ്റെ നേതൃത്വത്തിൽ നടന്ന മാംഗല്യം രണ്ടാം എഡിഷനിൽ ഇരുപത് പേരുടെ വിവാഹം നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ വിവാഹത്തിനായി രജിസ്റ്റർ ചെയ്ത വയനാട് ചൂരൽ മല സ്വദേശി ജെൻസൺ വാഹനാപകടത്തിൽ മരിച്ചതോടെ 19 പേരുടെ വിവാഹമാണ് ഇക്കുറി നടന്നത്.