കോഴിക്കോട്: വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.എം ടിയുടെ സിതാര എന്ന വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ രാത്രി തൊട്ട് മലയാളക്കരയുടെ ഒഴുക്കായിരുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ എം ടിയെ സ്നേഹിച്ച,എം ടിയുടെ എഴുത്തിനെ സ്നേഹിച്ച ഒരുപാട് പേർ അവസാനമായി ഒരു നോക്ക് കാണാൻ സിതാരയിലേക്ക് എത്തി.
വൈകിട്ട് മൂന്നരയോടെ പൊതുദർശനം അവസാനിച്ചു,ശേഷം മാവൂർ റോഡിലെ സ്മൃതി പഥത്തിലേക്ക് അന്ത്യയാത്ര.രണ്ട് കിലോമീറ്റർ അപ്പുറമുളള സമൃതി പഥത്തിൽ എത്തുന്ന വരെ വഴികളിലുടനീളം പ്രിയ എഴുത്തുകാരന് യാത്രാമൊഴിയേകാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
വൈകിട്ട് അഞ്ച് മണിയോടെ പൊലീസ് സേന സംസ്ഥാനത്തിൻ്റെ പൂർണ ഔദ്യോഗിക ബഹുമതി അർപ്പിച്ചു. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം.ടി.യുടെ മരണം.