ഡൽഹി: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനുഷിക വികാരങ്ങളുടെ ആഴത്തിലുള്ള പര്യവേക്ഷണത്തോടുകൂടിയ അദ്ദേഹത്തിൻ്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പലരെയും പ്രചോദിപ്പിക്കുകയും ചെയ്യും. നിശ്ശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകി.
എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടും ആരാധകരോടും കൂടിയാണ്, സാമൂഹിക മാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിച്ചു.ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം ടിയുടെ അന്ത്യം.
91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന് അപ്രതീക്ഷിതമായ വന്ന ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. ഇന്ന് വൈകിട്ട് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ വച്ചാണ് എംടിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.