ഡൽഹി:എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി പറഞ്ഞു.അഭിഭാഷകനായ കൃഷ്ണരാജ്, ടോം ജോസഫ് എന്നിവരാണ് ആശാ ലോറൻസിനായി ഹാജരായത്.
മെഡിക്കൽ പഠനത്തിന് ക്രിസ്തുമതത്തിൽപെട്ട ഒരാൾ മൃതദേഹം നൽകുന്നതിന് വിലക്കൊന്നും ഇല്ലല്ലോ എന്ന് കോടതി ആരാഞ്ഞു.കേരള അനാട്ടമി നിയമപ്രകാരം മൃതദേഹം ഏറ്റെടുത്ത എറണാകുളം സർക്കാർ മെഡിക്കൽ കോളജിന്റെ തീരുമാനം ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും പിന്നാലെ ഡിവിഷൻ ബെഞ്ചും ശരിവെക്കുകയായിരുന്നു.
ജീവിച്ചിരിക്കെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകണമെന്ന ആഗ്രഹം എംഎം ലോറൻസ് പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു മകൻ എംഎൽ സജീവന്റെ വാദം. എം എം ലോറൻസ് ഇക്കാര്യം അറിയിച്ചതിന് രണ്ട് സാക്ഷികളുണ്ടെന്നുമായിരുന്നു എംഎൽ സജീവൻ ഹൈക്കോടതിയെ അറിയിച്ചത്.