കൊച്ചി: സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തളളി.മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയ നടപടി നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎം ലോറൻസിന്റെ പെൺമക്കളായ ആശ ലോറൻസും സുജാത ബോബനും ഹൈക്കോടതിയെ സമീപിച്ചത്.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുമെന്ന് മകൻ അഡ്വ എംഎൽ സജീവൻ അറിയിച്ചിരുന്നു. പൊതു സ്ഥലത്തും സ്വകാര്യ സംഭാഷണത്തിലും പുസ്തകത്തിലും മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്ന് പറഞ്ഞിട്ടില്ലെന്നും അമ്മയെയും സഹോദരനേയും അടക്കിയത് പള്ളിയിലാണെന്നും മൂത്തമകളോട് സെമിത്തേരിയിൽ അടക്കണമെന്ന് പറഞ്ഞിരുന്നതായും മകൾ പറഞ്ഞു.
മൃതദേഹം നിലവിൽ എറണാകുളം മെഡിക്കൽ കോളേജിന് കൈമാറിയിരിക്കുകയാണ്. സെപ്റ്റംബർ 21 നായിരുന്നു എംഎം ലോറൻസിന്റെ അന്ത്യം. 2015 ൽ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്നു.