അബുദാബി: വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു റീട്ടെയ്ലിൻ്റെ വാർഷിക പ്രവർത്തന റിപ്പോർട്ട് പുറത്തു വിട്ടു. 2024 സാമ്പത്തിക വർഷത്തിൽ 12.4 ശതമാനം ലാഭവർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. മുൻവർഷം 221.7 മില്ല്യണ്‍ ഡോളർ ലാഭമുണ്ടായിരുന്നത് 249.2 മില്ല്യണ്‍ ഡോളറായി വർധിച്ചു. മൊത്തവരുമാനം 4.2 ശതമാനം കൂടി 762 കോടി ഡോളറായി. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾ കിഴിക്കാതെയുള്ള ലാഭം 786 മില്യണ്‍ ഡോളറായും കൂടി.
ജിസിസി രാഷ്ട്രങ്ങളിലെല്ലാം മികച്ച വിൽപനനേട്ടവും വളർച്ചയും കൈവരിച്ചതും പുതിയ സ്റ്റോറുകൾ തുറന്നതും വരുമാനം വർധിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ലുലു റീട്ടെയ്ൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം 2024-ലെ ലാഭവിഹിതമായി 84.4 മില്ല്യണ്‍ ഡോളർ പ്രഖ്യാപിച്ചിട്ടുണ്ട്.
2024-ൽ മാത്രം പുതിയ 21 സ്റ്റോറുകളാണ് കമ്പനി തുറന്നത്. അവസാന പാദമായ ഒക്ടോബർ – ഡിസംബറിൽ മാത്രം പുതിയ ഒൻപത് സ്റ്റോറുകൾ ആരംഭിച്ചു. ഇതോടെ ഡിസംബറോടെ കമ്പനിയുടെ ആകെ സ്റ്റോറുകൾ 250 ആയി. ഇ കൊമേഴ്സ് വിഭാഗത്തിൽ കമ്പനി 325.6 മില്ല്യണ്‍ ഡോളറിൻ്റെ വിൽപനയാണ് നേടിയത്.
ലുലു റീട്ടെയ്ലിൻ്റെ മൊത്തം സ്റ്റോറുകളിൽ 107 എണ്ണവും യു.എ.ഇയിലാണ്. സൌദിയിൽ 59 സ്റ്റോറുകളും ഒമാനിൽ 32 സ്റ്റോറുകളും ഉണ്ട്. ഖത്തർ 24, കുവൈത്ത് 16, ബഹ്റൈൻ 12 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളിലെ സ്റ്റോറുകളുടെ എണ്ണം.