അടുത്ത ഫുട്ബോള്‍ ലോകകപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്കി ലയണല്‍ മെസ്സി. ചൈനീസ് മാധ്യമമായ ടൈറ്റന് സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തില്‍ മെസി നല്കിയ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.
നോര്‍ത്ത് അമേരിക്കയില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ഫുട്ബോള്‍ ലോകകപ്പ് മത്സരത്തില്‍ താന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് മെസ്സി പറഞ്ഞിരിക്കുന്നത്.
‘2022 ആയിരുന്നു എന്റെ അവസാനത്തെ ലോക കപ്പ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ എങ്ങനെയാണ് മുമ്പോട്ട് പോകുന്നതെന്ന് നോക്കും. പക്ഷെ എനിക്ക് തോന്നുന്നില്ല അടുത്ത ലോകകപ്പില്‍ ഞാന്‍ ഉണ്ടാകുമെന്ന്,’മെസ്സി അഭിമുഖത്തില്‍ പറഞ്ഞു.
2022ലെ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെയുള്ള കരിയറില്‍ താന്‍ സംതൃപ്തനാണെന്നും മെസ്സി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയ്ക്കെതിരെ സൗഹൃദമത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ബെയ്ജിങ്ങിലെത്തിയപ്പോള് ആയിരുന്നു മെസ്സി ലോക കപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചത്. ജൂണ്‍ 15നാണ് ഓസ്ട്രേലിയയുമായുള്ള മത്സരം.