പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ സതിയമ്മയെ പിരിച്ചുവിട്ടുവെന്ന ആരോപണത്തില്‍ വീണ്ടും വഴിത്തിരിവ്. തന്റെ ജോലി വേറെ ഒരാള്‍ ചെയ്തത് അറിഞ്ഞിട്ടില്ലെന്ന് ലിജിമോള്‍. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജിമോള്‍ വ്യക്തമാക്കി.
ലിജിമോള്‍ക്ക് പകരം ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തത് എന്ന വിശദീകരണങ്ങള്‍ക്കിടെയാണ് ലിജിമോള്‍ തന്റെ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്.
മൃഗാശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്നും അങ്ങനെ ഒരു ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നുമാണ് ലിജിമോള്‍ പറയുന്നത്. തന്റെ പേരില്‍ ഇങ്ങനെ ഒരു ജോലി ഉണ്ടെന്ന് തന്നെ അറിയുന്നത് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നപ്പോള്‍ ആണെന്നും ലിജിമോള്‍ പറഞ്ഞു.
‘ഞാന്‍ മൃഗാശുപത്രിയില്‍ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരില്‍ അവിടെ ജോലി ഉണ്ടായിരുന്നുവെന്ന് അറിയുന്നത് തന്നെ ഇന്നലെയാണ്. എന്റെ പേരില്‍ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. സതിയമ്മ കുടുംബശ്രീയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. അവിടെ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് പോന്നത്,’ ലിജിമോള്‍ പറഞ്ഞു.
തനിക്ക് ഒരു പൈസയും അവിടുന്ന് കിട്ടിയിട്ടില്ലെന്നും എവിടെയും പൈസയെടുക്കാന്‍ പോയിട്ടില്ലെന്നും ലിജിമോള്‍ പറഞ്ഞു. ഇന്നലെ സ്ഥലത്തില്ലായിരുന്നു. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല. ആകെ ഒരു ബാങ്ക് അക്കൗണ്ടേ ഉള്ളു. നാല് വര്‍ഷം മുമ്പ് ഈ പറഞ്ഞ കുടുംബശ്രീയിലെ സെക്രട്ടറി ആയിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ലെന്നും ലിജിമോള്‍ പറഞ്ഞു.
സതിയമ്മയ്ക്കെതിരെ ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്ന് ലിജിമോള്‍ പറഞ്ഞു. സിപിഎം നേതാവ് അനില്‍ കുമാറിനൊപ്പമാണ് ലിജിമോള്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമച്ചാണെന്ന് സിപിഎം നേതാവ് അനില്‍ കുമാര്‍ പറഞ്ഞു. ലിജിമോള്‍ക്കാണ് ജോലിയെങ്കില്‍ ലിജിമോളുടെ പേരല്ലേ പണം വേണ്ടത്. അങ്ങനെ ഒരു അക്കൗണ്ട് ലിജിമോളുടെ പേരില്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം. യഥാര്‍ത്ഥ ലിജിമോള്‍ ഇത് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സതിയമ്മയെ പിരിച്ചുവിട്ടത് ആളുമാറി ജോലി ചെയ്തതിനാലാണ് എന്ന് ഇന്നലെ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞിരുന്നു. താത്കാലിക സ്വീപ്പറായി ലിജിമോളെയാണ് നിയമിച്ചതെന്നും ശമ്പളം പോകുന്നത് അവരുടെ അക്കൗണ്ടിലേക്കാണ് എന്നുമാണ് മന്ത്രി ചിഞ്ചു റാണി പറഞ്ഞിരുന്നത്.
എന്നാല്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നാണ് സതിയമ്മ പറയുന്നത്. ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളാണ് ഇരുവരും. ആറ് മാസം ഊഴം വെച്ചാണ് ജോലി. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ലിജിമോള്‍ തന്റെ വീട്ടിലെ അവസ്ഥ മനസിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് സതിയമ്മ പറയുന്നത്. 11 വര്‍ഷമായി ഇതേ ജോലിയില്‍ തുടരുകയാണെന്നും സതിയമ്മ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത സഹായം ചാനലിലൂടെ പറഞ്ഞതിനാണ് വെറ്ററിനറി ആശുപത്രിയിലെ താത്കാലിക ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നായിരുന്നു ആരോപണം. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി ഒ സതിയമ്മ.
മകന് രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓര്‍മിച്ച് പറഞ്ഞിരുന്നു. അതുകൊണ്ട് ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്യുമെന്നും പറഞ്ഞിരുന്നു.
ഞായറാഴ്ചയാണ് ചാനലിലിലൂടെ ഇത് പ്രക്ഷേപണം ചെയ്തത്. തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറയുകയായിരുന്നുവെന്നാണ് സതിയമ്മ പറഞ്ഞത്.