ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രതിഷേധം സംഘടിപ്പിച്ച് അമേരിക്കയിലെ ജൂത സമൂഹം. ഇസ്രയേലിന്റെ നടപടിയെ അപലപിച്ചുകൊണ്ടാണ് ജൂയിഷ് വോയിസ് ഫോര്‍ പീസ് എന്ന സംഘടന റാലി നടത്തിയത്. ജൂതന്മാരുടെ പേരില്‍ യുദ്ധം നടത്തേണ്ടെന്നും പലസ്തീനെ സ്വതന്ത്രമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കൂ, ഗസയെ ജീവിക്കാന്‍ അനുവദിക്കൂ, യുദ്ധം ഞങ്ങളുടെ പേരില്‍ വേണ്ട, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചത്. 1000ത്തിലേറെ പ്രതിഷേധക്കാരാണ് റാലിയില്‍ പങ്കെടുത്തത്. പലരും കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് പങ്കെടുത്തത്.
ഗസയ്ക്ക് മേല്‍ ബോംബിങ്ങ് നടക്കുന്നത് അവസാനിക്കണം. അതാണ് തങ്ങളുടെ ആവശ്യമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറയുന്നു. റാലിയില്‍ പങ്കെടുത്ത നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം ഗസയില്‍ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗസയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റ് സേവനമടക്കം നഷ്ടപ്പെട്ടതോടെ ആശയവിനിമയം പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. ഗസിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും സന്നദ്ധ സംഘടനകളും വ്യക്തമാക്കുന്നുണ്ട്. ആരോഗ്യ സംവിധാനങ്ങളും ഏറെക്കുറെ നിലച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.