മസ്കറ്റ്: ഒമാനിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 12 തിങ്കളാഴ്ച അൽ വുസ്തയും ദോഫാറും ഒഴികെ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾക്ക് അവധി നൽകിയിരിക്കുകയാണ്.
ന്യൂനമർദ്ദം രൂപപ്പെടുകയും അപ്രവചനീയമായ തരത്തിൽ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി നൽകിയതെന്ന് അധികൃതർ അറിയിച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ, ഒമാനിലെ സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലേയും എല്ലാ സ്ഥാപനങ്ങളിലെയും തിങ്കളാഴ്ചത്തെ അധ്യയനം ആണ് താത്കാലം നിർത്തിവച്ചത്.
ദുബായിലെ ഏഴ് എമിറേറ്റുകളിൽ ആറിലും മിന്നലോട് കൂടിയ ഇടിയും ശക്തമായ മഴയുമാണ് ഇന്നുണ്ടായത്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് പ്രക്ഷുബ്ധമായ കാലാവസ്ഥയുള്ളത്. ഈ എമിറേറ്റുകളിൽ യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഓറഞ്ച്, യെല്ലോ അലേർട്ടുകളാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. രാജ്യത്തെ പല ഭാഗത്തും ഇടിയും മിന്നലും മഴയും ലഭിച്ചെന്നും ചിലയിടങ്ങളിൽ ആലിപ്പഴവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചിലയിടത്ത് ചാറ്റൽ മഴ ലഭിച്ചപ്പോൾ ചില ഭാഗങ്ങളിൽ തീവ്രമഴ തന്നെ ലഭിച്ചു.
കാലാവസ്ഥ അപ്രവചനീയമായി തുടരുന്ന സാഹചര്യത്തിൽ പൗരൻമാർ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ കടലിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ബീച്ചുകളിലേക്ക് പോകരുതെന്നും അധികൃതർ നിർദേശം.
പ്രക്ഷുബ്ധമായ കാലാവസ്ഥ തുടരാൻ സാധ്യയുള്ളതിനാൽ ഫെബ്രുവരി 12 തിങ്കളാഴ്ച ദുബായ് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് നിർബന്ധമായും ഹാജരാകേണ്ടവരൊഴികെ മറ്റു ജീവനക്കാർക്കും സർക്കാർ ഏജൻസികളിലുള്ളവർക്കും വർക്ക് ഫ്രം ഹോം അനുവദിക്കും. ദുബായിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവ ഫെബ്രുവരി 12-ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
.