കോഴിക്കോട്: സൗദ്ദി ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ ഇനിയും കടമ്പകളേറെ. മരണപ്പെട്ട സൗദ്ദി ബാലൻ്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ട 34 കോടി ക്രൗഡ് ഫണ്ടിംഗിലൂടെ നേടിയെടുക്കാൻ സാധിച്ചെങ്കിലും സൗദി അറേബ്യൻ കോടതിയിലെ നടപടികൾ പൂർത്തിയാക്കി അബ്ദുൾ റഹീമിനെ മോചിപ്പിക്കാൻ പല നടപടികളുണ്ട്.
കേസിൽ ഇതുവരെ ഇടപെട്ടിരുന്ന റിയാദിലെ ഇന്ത്യൻ എംബസിയെ ദയാധനത്തിനുള്ള 34 കോടി സമാഹരിച്ച വിവരം ഇതിനോടകം അറിയിച്ചിട്ടുണ്ട്. സൗദ്ദിയിലെ അബ്ദുൾ റഹീം നിയമസഹായകമ്മിറ്റിയുടെ പ്രവർത്തകർ ഇന്ന് കേസിൽ പരാതിക്കാരായ കുടുംബത്തിൻ്റെ അഭിഭാഷകരെ കാണും. +
സൗദിയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ തിരിക്കിട്ട ശ്രമങ്ങൾ. മരിച്ച സൗദി പൗരന്റെ അഭിഭാഷകനുമായി ഇന്ന് തന്നെ കൂടിക്കാഴ്ചയ്ക്കായി റിയാദിലെ അബ്ദുൽ റഹീം നിയമസഹായകമ്മിറ്റി സമയം തേടി. ദയാധനമായ 34 കോടി രൂപ സമാഹരിച്ചെന്ന വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു. റഹീമിന്റെ വീട്ടിലേക്ക് ഇന്നും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ബാലികേറാമലയെന്ന് കരുതിയ 34 കോടി രൂപ സമാഹരിച്ചെങ്കിലും അബ്ദുൾ റഹീമിനെ നാട്ടിലെത്തിക്കാൻ ഇനിയും നിരവധി കടമ്പകളുണ്ട്. റഹീമിന് സംഭവിച്ച കയ്യബദ്ധത്തെത്തുടർന്ന് ജീവൻ നഷ്ടമായ സൗദി സ്വദേശിയായ പതിനഞ്ചുകാരന് നൽകാനുള്ള 34 കോടി രൂപ സമാഹരിച്ചെന്ന വിവരം റിയാദിലെ നിയമസഹായ സമിതി ഇന്ത്യൻ എംബസിയെ അറിയിച്ചു. ഇന്നുതന്നെ സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്കും സമയം തേടിയിട്ടുണ്ട്.
കരാർ പ്രകാരമുള്ള തുക കൈപ്പറ്റി വധശിക്ഷ റദ്ദ് ചെയ്യാൻ തയ്യാറാണെന്നുള്ള സാക്ഷ്യപത്രം പരാതിക്കാരായ കുടുംബം കോടതിയിൽ കൈമാറണം. കോടതി ഇത് അംഗീകരിച്ചാൽ 34 കോടി ഇന്ത്യൻ എംബസി മുഖേന കുടുംബത്തിന് കൈമാറും. ദയാധനം കൈപ്പറ്റാൻ വേണ്ടി മാത്രമായി പരാതിക്കാരുടെ കുടുംബം പ്രത്യേക ബാങ്ക് അക്കൗണ്ട് സജ്ജമാക്കേണ്ടതുണ്ട്. തുക കൈമാറിയ ശേഷം വധശിക്ഷ റദ്ദാക്കിയതായി കാണിച്ച് കോടതിയുടെ ഉത്തരവിറങ്ങും. ഇതോടെ അബ്ദുൾ റഹീമിന് ജയിൽ മോചിതനാവാം. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇയാളെ തിരികെ നാട്ടിലെത്തിക്കാനാണ് ശ്രമം. അടുത്ത ഒന്നരമാസം കൊണ്ട് ഈ നടപടികളെല്ലാം തീർത്ത് റഹീമിനെ നാട്ടിലെത്തിക്കാനാവും എന്നാണ് സഹായസമിതിയുടെ കണക്കുകൂട്ടൽ. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇന്ത്യൻ എംബസി സജീവമായി ഇടപെടുന്നുണ്ടെന്നാണ് റിയാദിലെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.
അതേസമയം അസാധ്യമെന്ന് തോന്നിയ 34 കോടി സമാഹരിച്ചെടുക്കാൻ സാധിച്ചതോടെ മകനെ കാണാനുള്ള കാത്തിരിപ്പിലാണ് അബ്ദുൾ റഹീമിൻ്റെ ഉമ്മ ഫാത്തിമ. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാധാരണക്കാരായ നിരവധി പേർ റഹീമിന്റെ വീട്ടിലെത്തി. റഹീമിന്റെ മോചനത്തിനായുള്ള സ്വദേശത്തെ കമ്മിറ്റിയും ഇന്ന് യോഗം ചേർന്നു. 34 കോടി രൂപ സമാഹരിച്ചെന്ന സന്തോഷ വാർത്ത എംബസി ഉദ്യോഗസ്ഥൻ റിയാദിലെ ജയിലിലുള്ള റഹീമിനെ ഇന്നോ നാളെയോ അറിയിക്കും എന്നാണ് കരുതുന്നത്.