കൽപ്പറ്റ : ചൂരൽമലയിലെ ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിൽ കുന്നുകൂടി കിടക്കുന്ന അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മൊഹാലി ഐസറിലെ ഗവേഷക സംഘമാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകുന്നത്.
അതിശക്തമായ തുലാമഴ ഉണ്ടായാൽ ഇപ്പോൾ ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിലുള്ള പാറകളും മണ്ണും കൂടി താഴേക്ക് ഒലിച്ച് മറ്റൊരു ദുരന്തമായി മാറിയേക്കാം എന്നാണ് ഇവരുടെ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ച് താഴേക്ക് എത്തും പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.
ചൂരൽമല ദുരന്തം അതിതീവ്രമായത് ഡാമിംഗ് ഇഫക്ട് കാരണമാണെന്ന വിലയിരുത്തൽ തന്നെയാണ് ഐസർ പഠനറിപ്പോർട്ടിലും പറയുന്നത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്. ദുരന്തഭൂമി സന്ദർശിച്ച ഐസർ സംഘം നീക്കം ചെയ്യാതെ കിടക്കുന്ന ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ വീണ്ടും ഡാമിംഗ് ഇഫക്ടിന് വഴിയൊരുക്കുമെന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്.
ഉരുൾപൊട്ടലിൽ വലിയ പാറകൾ വേർപ്പെട്ട് വന്നിരുന്നു. ഒലിച്ചെത്തിയ മണ്ണ് ഉറയ്ക്കാത്തതിനാൽ ഈ പാറകളും ഇളകി നിൽക്കുകയാണ്. മുണ്ടക്കൈയിൽ ശക്തമായ മഴയോ ഉരുൾപൊട്ടലോ ഉണ്ടായാൽ ഇതെല്ലാം താഴേയ്ക്ക് ഒലിച്ചെത്തും. കുത്തിയൊലിച്ചെത്തുന്ന വെള്ളവും ചളിയും പാറകളും താഴെ പുതിയ ഉരുൾപൊട്ടലിൽ രൂപപ്പെട്ട പാറയിടുകിലാവും വന്നടിയുക. ഇവിടെ ഒരു അണക്കെട്ട് പോലെ മലവെള്ളവും പാറയും കെട്ടികിടക്കും തുടർന്ന് മർദ്ദം താങ്ങാനാവാതെ ഇരട്ടി ശക്തിയിൽ താഴേക്ക് പ്രവഹിക്കും. ഈ സാധ്യത മുന്നിൽ കണ്ട് ആവശ്യമായ മുന്നൊരുക്കം നടത്തണമെന്നാണ് ഐസറിലെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
2020-ലെ ഉരുൾപൊട്ടലിൽ അവശിഷ്ടങ്ങൾ ഇവിടെയുണ്ടായിരുന്നു. ഈ പ്രാവശ്യത്തെ ഉരുൾപൊട്ടലിൽ ഭീകരമായ മലവെള്ളപ്പാച്ചിലിന് ഈ പാറകളും കാരണമായി. പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ 35 ഇരട്ടി കരുത്തോടെയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായത്. ചാലിയാറിലേക്ക് ഒഴുകി എത്തിയ ഉരുൾ അവശിഷ്ടങ്ങൾ കാര്യമായി നദിയിൽ കലർന്നിരുന്നു. ഇവയെല്ലാം പെട്ടെന്ന് കടലിലേക്ക് ഒഴുകി പോയതിനാൽ പുഴയിലെ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടില്ലെന്നും ഡോ. മത്തായിയുടെ നേതൃത്വത്തിലുള്ള ഐസർ ഗവേഷക സംഘം പറയുന്നു.