കൊച്ചി: ട്വൻ്റി 20 ഭരിക്കുന്ന ഏക പഞ്ചായത്തായ എറണാകുളത്തെ കുന്നത്തുനാട്ടിൽ അവിശ്വാസത്തിലൂടെ പ്രസിഡൻ്റിനെ പുറത്താക്കി. രാജിവയ്ക്കണമെന്ന പാർട്ടിയുടെ ആവശ്യം തള്ളിയതോടെയാണ് കുന്നത്തുനാട് പ്രസിഡൻ്റ് എം.വി നിതമോളെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയത്. വൈസ് പ്രസിഡൻ്റ് റോയ് ഔസേഫ് അവതരിപ്പിച്ച പ്രമേയം ട്വൻ്റി ട്വന്റിയിലെ മറ്റു അംഗങ്ങളുടെ പിന്തുണയോടെ ആണ് പാസ്സായത്.
യുഡിഎഫിലെ അഞ്ച് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്തില്ല. ട്വൻ്റി 20 യുടെ 10 അംഗങ്ങളും പ്രസിഡൻ്റിനെതിരെ വോട്ട് ചെയ്തു. സിപിഎം അംഗങ്ങൾ യോഗത്തിന് വന്നില്ല. നിത മോൾ ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചു, ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തി, നിയമപരമായി അയോഗ്യനായ സിപിഎം അംഗം നിസാർ ഇബ്രാഹിമിൻ്റെ അയോഗ്യത ക്രമവത്കരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയുമായി ചേർന്ന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഉന്നയിച്ചത്. വടവുകാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ജ്യോതികുമാറാണ് യോഗം നിയന്ത്രിച്ചത്.
ട്വൻ്റി 20യുടെ തെറ്റായ നിർദേശങ്ങൾ നടപ്പാക്കാൻ കൂട്ടാക്കാതിരുന്നതോടെയാണ് തന്നെ ഒഴിവാക്കിയതെന്ന് നിത മോൾ പറഞ്ഞു. തനിക്കെതിരെ അവിശ്വാസ പ്രമേയത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.