കുവൈത്ത് സിറ്റി: താമസ സ്ഥലത്ത് മദ്യം നിർമിച്ച് വിൽപന നടത്തിയ നാല് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. കഴിഞ്ഞ ദിവസം അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രവാസി സ്ത്രീകൾ അടക്കമുള്ള സംഘം പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നിന്നും വൻ മദ്യശേഖരവും പൊലീസ് പിടിച്ചെടുത്തു. പിടിയിലായത് ഏത് രാജ്യക്കാരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
കുവൈത്ത് സിറ്റിയിലെ ഉമ്മുൽ ഹൈമാൻ മേഖലയിലാണ് വൻ സന്നാഹങ്ങളുമായി മദ്യ നിർമാണ കേന്ദ്രം നടന്നിരുന്നത്. സമീപകാലത്ത് കണ്ടെത്തിയതിൽ ഏറ്റവും വലിയ മദ്യനിർമ്മാണ കേന്ദ്രമാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡരികിൽ കണ്ട അസ്വാഭാവിക സാഹചര്യത്തിൽ കണ്ട ഒരു പ്രവാസിയെ പൊലീസ് പട്രോൾ സംഘം പിടികൂടി പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും രണ്ട് കുപ്പി മദ്യം കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രദേശത്ത് മദ്യനിർമ്മാണ കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന് വ്യക്തമായത്.
സ്ഥിരമായി മദ്യം വിൽപന ചെയ്തിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. പിന്നാലെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തി മദ്യവിൽപന കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യം നിർമ്മിക്കാനായി സൂക്ഷിച്ച 192 ബാരൽ സ്പിരിറ്റും പൊലീസ് പിടിച്ചെടുത്തു. വിൽക്കാൻ സൂക്ഷിച്ച 492 ബോട്ടിൽ മദ്യവും കണ്ടെത്തി. പിടികൂടിയവർ കുറ്റസമ്മതം നടത്തിയതായും ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്നും ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചു.